ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയെന്നും പദ്ധതി ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജൻസിക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ ഉണ്ടാക്കിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.
തൊടുപുഴയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസഫ് ആണ് പരാതി നൽകിയത്. ടെൻഡർ വിളിച്ചതിന് ശേഷം രൂപീകരിച്ച ഒരു ‘കടലാസ് കമ്പനി’ക്കാണ് കരാർ നൽകിയതെന്നും ഈ കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തതെങ്കിലും റീ-ടെൻഡർ വിളിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാർ ഇതേ കമ്പനിക്ക് തന്നെയാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ വിഷയം ചർച്ചയായിരുന്നുവെങ്കിലും ഇപ്പോൾ വിജിലൻസ് പരാതി ലഭിച്ചതോടെ അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച ജയകൃഷ്ണൻ പുതിയേടത്തും മുൻപ് ഈ വിഷയത്തിൽ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു
