Home » Blog » kerala Max » ചിറയിൻകീഴ്–കണിയാപുരം റോഡിലെ ചെറുകയൽക്കര പാലം വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി
8
മുരുക്കുംപുഴ: മംഗലാപുരം പഞ്ചായത്തിലെ പ്രധാനപ്പെട്ട ഗതാഗത വഴിയായ ചിറയിൻകീഴ്–കണിയാപുരം റോഡിലെ ചെറുകയൽക്കര പാലം വെൽഫെയർ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. ഏറെകാലമായി ഗതാഗത പ്രശ്നങ്ങളും മാലിന്യവും നിറഞ്ഞ പ്രദേശമായിരുന്നു ചെറുതായിക്കര പാലവും പരിസരവും. ഇടുങ്ങിയ പാലം, അപകടകരമായ വളവ്, റോഡിലേക്ക് വളർന്നു കിടക്കുന്ന ചെടികളും പുല്ലുകളും കാരണം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. എതിർ ദിശയിൽ രണ്ട് വാഹനങ്ങൾ വന്നാൽ ഒന്ന് നിർത്തിയാൽ മാത്രം മറ്റൊന്നിന് കടന്നുപോകാൻ കഴിയുന്ന അവസ്ഥയായിരുന്നു.
ഒരു ദിവസം ഇരുപതിനായിരത്തിലധികം വാഹനങ്ങളും നൂറിലധികം കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന ഈ സ്ഥലത്ത് വലിയതോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടിരുന്നു. കൂടാതെ, മംഗലാപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന തണ്ണീർത്തടങ്ങളുടെ പ്രവാഹ കേന്ദ്രമായ ഈ പാലത്തിനടിയിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.
ജനങ്ങളെ വലിയതോതിൽ ബാധിക്കുന്ന യാത്രാ പ്രശ്നം വെൽഫെയർ പാർട്ടി മംഗലാപുരം പഞ്ചായത്ത് കമ്മിറ്റിയുടെയും പരിസര നിവാസികളുടെയും നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തും കാടുകൾ വെട്ടിമാറ്റിയും ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കുകയാണ് ചെയ്തത്.
ശുചീകരണ പ്രവർത്തനങ്ങൾ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻ്റ് മധു കല്ലറ ഉദ്ഘാടനം ചെയ്തു. പാർട്ടി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ജാസിം, മംഗലാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുജാഹുദ്ദീൻ, വരിക്ക്മുക്ക് യൂണിറ്റ് സെക്രട്ടറി സാഹിർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം നേതാക്കൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.