ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചക്കായി വർക്കിങ് പ്രസിഡന്റുമാർ,കെപിസിസി മുൻ അധ്യക്ഷൻമാർ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുൻ കെപിസിസി അധ്യക്ഷൻമാരായ വി.എം സുധീരൻ , കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയായി പിണറായി വിജയൻ താമസിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് ഒരുപാട് ദിവസം കഴിഞ്ഞാണ്. വേവോളം കാത്താൽ ആറോളം കാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ എംഎല്‍എമാർക്ക് തടസമില്ല. എംഎൽഎ ആയ തന്നെ ആരും തടസപ്പെടുത്തിയിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഘടകക്ഷികൾക്ക് കാര്യമില്ലെന്നും അഭിപ്രായം ചോദിച്ചാൽ പറയാമെന്നും എം.എം ഹസൻ പ്രതികരിച്ചു. മാധ്യമങ്ങളും സോഷ്യൽ മീഡിയയും പറയുന്നതുപോലെ ഒരു പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് കെ.മുരളീധരനും പ്രതികരിച്ചു. ജനഹിതം കണക്കിലെടുത്തായിരിക്കും പ്രഖ്യാപനമുണ്ടാവുകയെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന നിഗമനത്തിൽ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയാകാനും ചരടുവലി നടക്കുന്നുണ്ട്. ഭൂപേഷ് ബഘേൽ, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, സച്ചിൻ പൈലറ്റ് എന്നിവരാണ് ജനറൽ സെക്രട്ടറിയാകാൻ രംഗത്തുള്ളത്.
