Your Image Description Your Image Description

പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരായ നടപടിയുടെ ഭാഗമായിട്ടാണ് പാകിസ്താന്‍ വ്യോമ പാത അടച്ചത്. ഇന്ത്യയുടെ വിമാന കമ്പനികള്‍ക്ക് ഒരു മാസത്തേക്കാണ് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്റെ ആകാശത്ത് പ്രവേശിക്കാതെ വളഞ്ഞ വഴിക്ക് പോകേണ്ട അവസ്ഥയായി. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് പാകിസ്താന്റെ നടപടി തിരിച്ചടിയാണെങ്കിലും സമാനമായ നഷ്ടമോ അല്ലെങ്കില്‍ അതിലേറെ നഷ്ടമോ പാകിസ്താനും നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ വ്യോമപാത ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഫീസ് പാകിസ്താന് നഷ്ടമാകും. ഇതുവഴി ഭീമമായ തുകയാണ് ഓരോ ദിവസവും പാകിസ്താന് കിട്ടാതെ പോകുന്നത്. അറിയാം വിശദാംശങ്ങള്‍… പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ശക്തമായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീ കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയിരുന്നു. മാത്രമല്ല, പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുകയും ചെയ്തു. പാകിസ്താന്‍കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഇനിയും ഇന്ത്യയില്‍ തുടരുന്ന പാകിസ്താന്‍കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. അതേസമയം, ഷിംല കരാര്‍ റദ്ദാക്കിയ പാകിസ്താന്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. 2019ല്‍ പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ എടുത്ത നടപടിയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇത്തവണ പാകിസ്താന്റെ നീക്കം. ഇന്ത്യയില്‍ നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കുമെതിരെ ആയിരുന്നു അന്ന് നടപടി. ഇത്തവണ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് വ്യോമ പാത നിരോധിച്ചിരിക്കുന്നത്. പാകിസ്താന്‍ വ്യോമപാത തടയുന്നത് അവരുടെ വരുമാനം കുറയ്ക്കുന്ന നടപടിയാണ് എന്ന് പറയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച സജീവമാണ്. ഓരോ വര്‍ഷവും ഇത് വഴി ലഭിക്കേണ്ട ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്തുന്ന നീക്കമാണ് പാകിസ്താന്‍ നടത്തിയതെന്നും ചരിത്രത്തില്‍ കാണാത്ത വിഡ്ഡിത്തമാണെന്നും നരേന്‍ മേനോന്‍ എന്ന വ്യക്തി അഭിപ്രായപ്പെട്ടു. വിദേശ വിമാന കമ്പനികള്‍ക്ക് നിരോധനം ബാധകമല്ലാത്തതിനാല്‍ പാകിസ്താന് നഷ്ടമുണ്ടാകില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കും ഇന്ത്യയില്‍ നിന്ന് പോകുന്ന വിമാനങ്ങളില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയവയുടെ വിമാനങ്ങളാണ്. അതുകൊണ്ടുതന്നെ പാകിസ്താന്റെ വരുമാനം കുറയ്ക്കുമെന്ന് നരേന്‍ മേനോന്‍ പറയുന്നു. 2019ല്‍ അഞ്ച് മാസത്തോളം പാകിസ്താന്‍ വ്യോമ പാത നിരോധനം നിലനിന്നിരുന്നു. 10 കോടി ഡോളറോളം ഇതുവഴി പാകിസ്താന് നഷ്ടമുണ്ടായി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 400 വിമാനങ്ങളുടെ യാത്രയെ ഇത് ബാധിച്ചു. ബോയിങ് 737 വിമാനം വ്യോമപാത ഉപയോഗിക്കുന്നതിന് 580 ഡോളര്‍ ആണ് പാകിസ്താന് ഫീസ് ആയി നല്‍കുന്നത്. വലിയ വിമാനങ്ങളുടെ ഫീസ് കൂടും. ഓരോ ദിവസവും 232000 ഡോളര്‍ ഇതുവഴി പാകിസ്താന് നഷ്ടമായി. പാര്‍ക്കിങിനും ലാന്‍ഡിങിനുമുള്ള ഫീസ് കൂടി ചേര്‍ക്കുമ്പോള്‍ ഇത് മൂന്ന് ലക്ഷം ഡോളറായി ഉയരും. കൂടാതെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് ഓരോ ദിവസവും 460000 ഡോളര്‍ നഷ്ടം നേരിട്ടുവെന്നും പറയപ്പെടുന്നു. വ്യോമയാന അതോറിറ്റിക്കും വിമാന കമ്പനിക്കും നേരിട്ട നഷ്ടം കണക്കുകൂട്ടുമ്പോള്‍ ഭീമമായ തുക വരും. അതേസമയം, പാകിസ്താന്‍ വ്യോമപാത അടച്ചതിനാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ദീര്‍ഘദൂര പാത ഉപയോഗിക്കണം. പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്ക് അറബിക്കടലിന് മുകളിലൂടെയാണ് ഇപ്പോള്‍ യാത്ര. സമയം നഷ്ടമാകും, അധിക ജോലിക്ക് ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണം എന്ന വെല്ലുവിളിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *