Your Image Description Your Image Description

പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള അസാധാരണ നീക്കങ്ങളാണ് ദല്‍ഹിയില്‍ നടക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഏകദേശം ഒരു ഡസന്‍ ലോകനേതാക്കളുമായി മോദി ഫോണില്‍ ബന്ധപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ‍ വിവിധ വകുപ്പിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇതെല്ലാം അസാധാരണമായ നടപടികളാണ്. പാകിസ്ഥാനെതിരെ സൈനിക നടപടി നടത്താനുള്ള ന്യായീകരണമാണ് ഇന്ത്യ വിദേശനേതാക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു. യുദ്ധത്തിലേക്ക് ചുവടുവെയ്‌ക്കുന്ന ഇന്ത്യയെ തടഞ്ഞ് സമ്മര്‍ദ്ദത്തില്‍ അയവ് വരുത്താന്‍ ഇക്കുറി പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ നേതാക്കള്‍ ശ്രമിക്കുന്നതിന്റെ സൂചനയായാണ് പഹല്‍ ഗാം ആക്രമണത്തെക്കുറിച്ച് റഷ്യയും ചൈനയും ഉള്‍പ്പെട്ട സമിതി തുറന്ന അന്വേഷണം നടത്തട്ടെ എന്ന പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ഇന്ത്യ ഈ നിര്‍ദേശത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭീകരരെക്കുറിച്ചുള്ള വ്യക്തമായ വിവരം ശേഖരിക്കുന്നത് ഇനിയും വൈകുന്നതിലാണ് ഇന്ത്യയുടെ ആശങ്ക. ഭീകരരുടെ മുഖം തിരിച്ചറിയാനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ വരെ ഉപയോഗിച്ചാണ് തിരച്ചിലും അന്വേഷണവും പുരോഗമിക്കുന്നത്. അന്വേഷണം ഇന്ത്യയിലെ ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ വ്യക്തത വന്ന ശേഷമേ കടുത്ത നടപടികളുണ്ടാകൂ എന്നും ചില ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെന്നിരിക്കെ, യുദ്ധം പൂര്‍ണ്ണമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയാല്‍ ആണവായുധങ്ങള്‍ അടക്കം പ്രയോഗിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് വലിയ സാമൂഹിക വിപത്തിലേക്ക് നീങ്ങും. ഇത് എന്ത് വിലകൊടുത്തും തടയാന്‍ അമേരിക്കയും യുഎന്നും കിണഞ്ഞ് ശ്രമിക്കുന്നതും ഇന്ത്യയുടെ നീക്കത്തെ തടയുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും സൗദി അറേബ്യയും ഇറാനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇരുനേതാക്കളുമായും ഇവരും ചര്‍ച്ചകള്‍ നടത്തിവരുന്നു. എന്നാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ലോകത്തില്‍ ആരും ഇടപെടേണ്ടെന്നും ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം മാത്രമാണെന്നതാണ് ഇന്ത്യയുടെ നിലപാട്. തുടര്‍ച്ചയായി പരിശീലനം നല്‍കി പറഞ്ഞയക്കുന്ന തീവ്രവാദികള്‍ കശ്മീരില്‍ ആക്രമണം നടത്തുന്നു. പിന്നീട് അത് തങ്ങള്‍ നടത്തിയതല്ലെന്ന് നിഷേധിക്കുക. പാകിസ്ഥാന്റെ ഈ ഒരു ശൈലിയോട് ഇനി സഹിഷ്ണുത വേണ്ടെന്നാണ് പരക്കെയുള്ള നിലപാട്. ഉറി ആക്രമണത്തിന് സര്‍ജിക്കല്‍ സ്ട്രൈക്കും പുല്‍വാമയ്‌ക്ക് ബാലകോട്ട് ആക്രമണവും നടത്തി മറുപടി കൊടുത്ത ഇന്ത്യ പഹല്‍ഗാമിന് വലിയൊരു തിരിച്ചടി കൊടുക്കണമെന്ന വാദം ഇന്ത്യയില്‍ ശക്തമാണ്. ഇതാണ് മോദി സര്‍ക്കാരിനെ ഒരു യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്. ഇതിനിടെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യാ പാക് സൈനികര്‍ അന്യോന്യം വെടിവെയ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാണ് ആദ്യം വെടിവെച്ചത് എന്നത് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ മൂന്ന് രാത്രികളിലായി അതിര്‍ത്തിയില്‍ വെടിവെയ്പ് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം അഞ്ച് ലക്ഷം പട്ടാളക്കാരെയാണ് 1987 ജനവരിയില്‍ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും വെറും 180 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ വന്‍സൈനിക വിന്യാസം. അന്ന് പാകിസ്ഥാന്‍ വിറച്ചുപോയി. അന്ന് പാകിസ്ഥാന്റെ മുഖ്യ ആണവ ശാസ്ത്രജ്ഞനായ അബ്ദുള്‍ ഖാദിര്‍ ഖാന്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയാറോട് പറഞ്ഞത് ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നാണ്. വാസ്തവത്തില്‍ അന്ന് യുദ്ധം ചെയ്യാനല്ല ഇന്ത്യ സൈനികരെ വിന്യസിപ്പിച്ചത്. ഓപ്പറേഷന്‍ ബ്രാസ്സ്റ്റാക്സ് എന്ന പേരില്‍ ഇന്ത്യയുടെ സൈനിക വിന്യാസക്ഷമത പ്രായോഗികമായി പരിശോധിക്കാനാണ്. ഇപ്പോഴിതാ 38 വര്‍ഷത്തിന് ശേഷം ഇതിന് സമാനമായ സാഹചര്യത്തിന് ഇന്ത്യാ പാക് അതിര്‍ത്തി സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യ കൂടുതലായി സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കുകയാണ്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പട്ടാളബങ്കറുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. സൈനികരെ കൂടുതല്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചടി നല്‍കാന്‍ രാജ്യം തയ്യാറെടുക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. പാകിസ്ഥാനില്‍ ഇത് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണം നടന്ന ഉടനെ ഇന്ത്യ ആദ്യം ചെയ്തത് സിന്ധുനദീജല കരാര്‍ റദ്ദാക്കലാണ്. ഇത് പാകിസ്ഥാനില്‍ വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. പകരം പാകിസ്ഥാന്‍ സിംല കരാര്‍ റദ്ദാക്കിയെങ്കിലും ഇതില്‍ ഇന്ത്യയ്‌ക്ക് കാര്യമായ ആഘാതം ഏല്‍പിക്കാന്‍ പാകിസ്ഥാനാവില്ല.പാകിസ്ഥാനി പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട നടപടിയും നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പാകിസ്ഥാനില്‍ നിന്നും പിന്‍വലിച്ച ഇന്ത്യയുടെ നടപടിയും അസാധാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *