Your Image Description Your Image Description

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേർ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു. അതേസമയം കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാൽപ്പത്തിയെട്ട് മണിക്കൂറിനിടയിൽ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകർത്തത്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കു നേരെ നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങൾ ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, ആദിൽ അഹമ്മദ് തോക്കർ, ഷാഹിദ് അഹമ്മദ് കട്ടെയ് എന്നിവരുടെ വീടുകൾ സുരക്ഷാ സേന തകർത്തിരുന്നു. പുൽവാമയിലെ കച്ചിപോരാ, മുറാൻ മേഖലയിലായിരുന്നു വീടുകൾ. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് ബന്ധമുള്ള മൂന്ന് പേരിൽ ഒരാളാണ് ആദിൽ തോക്കർ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം, ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ശ്രീനഗറിൽ ആർമി കോർ കമാൻഡുമാരുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. കശ്മീരിൽ ലഫ്റ്റനന്റ് ജനറൽ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആർമി കോർ കമാൻഡർമാരുടെ യോഗം നടക്കുന്നത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണിൽ സംസാരിച്ച് പിന്തുണ ഉറപ്പ് നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട വിവരം. പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് ചൈനയുടെ നിലപാട്. പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺകോളിനിടെ പറഞ്ഞു. പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലൂടെ എല്ലാ ഇന്ത്യൻ പൗരന്മാരുടെ ഹൃദയം തകർത്ത ഭീകരർക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ വളർച്ച ഭീകരവാദികൾക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ പ്രതിസന്ധി ഘട്ടത്തിൽ ഐക്യത്തോടെ തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു. ‌

Leave a Reply

Your email address will not be published. Required fields are marked *