Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു. സഞ്ചിത പ്രവർത്തനലാഭം 134.56 കോടി രൂപയായി വർധിച്ചു. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് സ്ഥാപനങ്ങൾ ലാഭത്തിലേക്ക് മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവ് 4419 കോടിയിൽ നിന്ന് 5119.18 കോടിയായി വർധിച്ചു. 15.82%യാണ് വർധന. വ്യവസായ വകുപ്പിന് കീഴിലുള്ള 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ബോർഡ് ഫോർ പബ്‌ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വളർച്ചയുടെ വ്യക്തമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. കെ.എസ്.ഐ.ഡി.സി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭവും നേടി. കെൽട്രോൺ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി. പ്രവർത്തനലാഭത്തിൽ 107.67 കോടി നേടി കെഎംഎംഎൽ മികച്ച നേട്ടം സ്വന്തമാക്കി.

കെൽട്രോൺ 50.54 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. ടി.സി.സി, കെൽ, കേരളാ സിറാമിക്‌സ്, ട്രിവാൻട്രം സ്പിന്നിങ് മിൽ, കയർ മെഷിനറി സ്ഥാപനങ്ങൾ ലാഭത്തിലായി. 32 കമ്പനികളുടെ വാർഷിക വിറ്റുവരവിൽ വർധനവുണ്ട്. കേന്ദ്രസർക്കാർ അടച്ചു പൂട്ടിയതിനെ തുടർന്ന് കേരളം ഏറ്റെടുത്ത വെള്ളൂർ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയിൽ നിന്ന് 2.26 കോടിയായി കുറഞ്ഞു.

കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (കെ.പി.പി.എൽ) മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കുന്നു. റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് 1050 കോടിയുടെ കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു. കയറുൽപന്നങ്ങളുടെ വിപണനത്തിന് വാൾമാൾട്ടുമായി കേരള കയർ കോർപ്പറേഷൻ ധാരണയിലെത്തി. ഇന്ത്യയിൽ ഇത്തരത്തിൽ വാൾമാൾട്ടുമായി കരാറിലേർപ്പെടുന്നത് തന്നെ ആദ്യമായിട്ടാണ്.

മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, അമൃത്സർ സുവർണക്ഷേത്രത്തിലേക്ക് കയർഫെഡ് നൂൽ കയറ്റുമതി, കേരള സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് പ്രവർത്തനമാരംഭിച്ചു എന്ന് തുടങ്ങി ഒരുപാട് നേട്ടങ്ങൾ.ഈ ശ്രദ്ധേയമായ വളർച്ച സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് നൽകുന്നത് പുത്തനുണർവാണ്.

Leave a Reply

Your email address will not be published. Required fields are marked *