Your Image Description Your Image Description

പഹൽഗാം ആക്രമണത്തിൽ പാക് പൗരൻമാർക്കെതിരായ നടപടികൾ കടുപ്പിച്ച് കേന്ദ്രം. എത്രയും പെട്ടെന്ന് പാക്കിസ്ഥാൻ പൗരൻമാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമെന്നും ഉടനെ അവരെ തിരികെ അയക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരോട് നിർദേശിച്ചു. ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലുള്ള പാക്കിസ്ഥാൻ പൗരന്മാരോട് ഏപ്രിൽ 27 നകം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. മെഡിക്കൽ വിസയിൽ എത്തിയവർക്ക് രണ്ട് ദിവസം അധികമായി നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ പൗരൻമാർക്കുള്ള വിസയും ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മുൻപ് നൽകിയ വിസകൾ റദ്ദ് ചെയ്യുകയും ചെയ്തു. ആരോഗ്യാവശ്യങ്ങൾക്കടക്കം അനുവദിച്ച വിസയാണ് റദ്ദ് ചെയ്തത്. അതേസമയം മറുപടിയായി പാക്കിസ്ഥാനും ഇന്ത്യൻ പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരൻമാരെ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുന്ന നടപടികൾ ഇന്ത്യയിൽ നിന്നുണ്ടായാൽ അതേനാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. അതിനിടെ പഹൽഗാം ആക്രമണം നടത്തിയ ലഷ്കർ ഇ തൊയിബയുടെ കമന്റഡറെ ഇന്ന് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.അൽത്താഫ് ലല്ലിയെ ആണ് സൈന്യം വധിച്ചത്. പഹൽഗാം ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകളും സൈന്യം തകർത്തു. ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്ത്. 7 പേരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് നിഗമനം. 28 പേരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു. ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന് ജലം നൽകിയില്ലെങ്കിൽ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ, പ്രകോപന പരാമർശവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയും രംഗത്തെത്തി. സിന്ധൂനദീജല കരാറിൽനിന്ന് ഇന്ത്യ പിൻമാറിയാൽ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സിന്ധു നദിയിലെ ജലം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും വെള്ളം ലഭിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. അതിനിടെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി സൈനിക തലത്തിൽ ഇന്ത്യ ഉടൻ നൽകുമെന്നാണ് സൂചനകൾ. ഇതിനുള്ള പദ്ധതികൾ ഡൽഹിയിൽ തയ്യാറാക്കുകയാണ്. സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാൻ നേതാക്കളെത്തുമ്പോൾ ഇന്ത്യയുടെ നീക്കം നിർണ്ണായകമായി എന്ന് കൂടി വ്യക്തമായി. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു. അതായത് സിന്ധു നദിയിലെ വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് പാക്കിസ്ഥാൻ. അതിനിടെ നദിജല കാർ മരവിപ്പിച്ചത് ഔദ്യോഗികമായി പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചു. പാക് മന്ത്രിയുടെ ആണവ ഭീഷണിക്ക് പിന്നാലെയാണ് ഇത്. പാക്കിസ്ഥാന് നൽകിയ നയതന്ത്രക്കുറിപ്പോടെ ഇന്ത്യ പ്രശ്‌നങ്ങളെ ഏത് തലത്തിൽ വേണമെങ്കിലും നേരിടാൻ തയ്യാറാണെന്ന് വ്യക്തമാകുകയാണ്. അതിനിടെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച രാത്രിയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം, ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്‌സാനുൽ ഹഖ്, ഹാരിസ് അഹ്‌മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. കഴിഞ്ഞ ദിവസം പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഇത്തരം നടപടികൾ ഇന്ത്യ തുടരും. തർക്ക പരിഹാര ചർച്ചയ്ക്കും ഇന്ത്യ ഇനി പാക്കിസ്ഥാനുമായി സഹകരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *