Your Image Description Your Image Description

കൊല്ലം : പ്രകൃതിയോടിണങ്ങിയുള്ള ജീവിതം ശീലമാക്കുന്ന ഗ്രാമത്തിലേക്കുള്ള യാത്രയിലാണ് ഇത്തിക്കര. ഔഷധസസ്യ പരിപാലനത്തില്‍ തുടങ്ങി ചിരിചികിത്സവരെ നീളുന്ന നിത്യജീവിതകാഴ്ചകള്‍ ഇവിടെ കാണാം. ഇത്തിക്കര ബ്ലോക് പഞ്ചായത്തിന്റെ കരുതലാണ് മാറ്റത്തിന് പിന്നിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്ഗ്രാമം വിജയകരമായി നടപ്പിലാക്കുന്ന മാതൃകയാണ് ഗ്രാമത്തിന്റേത്.

സംസ്ഥാനത്ത് ആയുഷ് ഗ്രാമം പദ്ധതിക്ക് 16 കേന്ദ്രങ്ങള്‍ ഉള്ളതില്‍ ഇത്തിക്കര ബ്ലോക്കിലാണ് ജില്ലാകേന്ദ്രം. ആരോഗ്യസമ്പന്നമായ ജീവിതം നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. രോഗനിര്‍ണയം, രോഗപ്രതിരോധം, ആയുര്‍വേദാധിഷ്ഠിത ജീവിതരീതി പ്രോത്സാഹിപ്പിക്കല്‍, ആരോഗ്യകരമായ ജീവിതശൈലികളും ആഹാരശീലങ്ങളും വളര്‍ത്തല്‍, ഔഷധസസ്യ പരിപാലനം, പ്രതിരോധ ചികിത്സാരീതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കല്‍ തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.

എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പ്രത്യേക ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. 2024 ലാണ് ജീവിതശൈലി രോഗ ക്ലിനിക്ക് ആരംഭിച്ചത്. വയോജനങ്ങളുടെ ശാരീരിക- മാനസിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് യോഗപരിശീലനം, പുസ്തകവായന, സംവാദങ്ങള്‍, ഔഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, പരിപാലനം, ലാഫിങ് തെറാപ്പി, പൂന്തോട്ടപരിപാലനം തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ നോഡല്‍ ഓഫീസായ ചാത്തന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരുക്കിയിട്ടുണ്ട്.

ഭാരതീയ ചികിത്സാവകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു ചന്ദ്രനാണ് ആയുഷ് ഗ്രാമം നോഡല്‍ ഓഫീസര്‍. സ്പെഷ്യലിസ്റ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ മോഹന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തിലെ സ്‌കൂളുകളിലും, കോളജുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ പരിശോധനകള്‍ തുടങ്ങിയവ മുടങ്ങാതെ നടത്തുന്നു. യോഗാ ഇന്‍സ്ട്രക്ടര്‍ ഡോ. എസ്.ആര്‍ ശ്രീരാജ് സൗജന്യമായി പരിശീലനവും ലഭ്യമാക്കുന്നു.

ഇത്തിക്കര ബ്ലോക്പരിധിയിലെ പഞ്ചായത്തുകളില്‍ ഞവര തുടങ്ങിയ ഔഷധ സസ്യങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ കൃഷി ആയുഷ് ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ആയുരാരോഗ്യസൗഖ്യം ഉറപ്പാക്കുന്ന ഗ്രാമജീവിതമെന്ന സങ്കല്പം യാഥാര്‍ഥ്യമാക്കുന്നതിനുള്ള എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *