Your Image Description Your Image Description

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ എന്‍ക്വയര്‍-2025 ന്റെ ഉദ്‌ഘാടനവും സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള ആദരവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ആര്‍ ബിന്ദു നിർവഹിച്ചു.പുത്തന്‍ അറിവുകള്‍ സൃഷ്ടിക്കുന്നവരാകാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക എന്നതാണ് അധ്യാപകരുടെ പുതിയദൗത്യമെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

വിവര സാങ്കേതിക വിദ്യയുടെ വികാസം മൂലം അറിവുശേഖരിക്കല്‍ വളരെ എളുപ്പമായെന്നും ഇത്തരത്തില്‍ ലഭിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് സമൂഹത്തിനും മാനവരാശിക്കുതന്നെയും ഉപയോഗപ്പെടുത്താവുന്ന അറിവുകള്‍ സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിശാലമായ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന സാംസ്‌കാരിക ധാരകളെ തമസ്‌ക്കരിക്കാനും ചരിത്ര, ശാസ്ത്ര സത്യങ്ങളെ വക്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍ അധ്യാപകര്‍ ജാഗരൂകരാകണം.

ക്ലാസ് മുറികള്‍ അറിവുകളുടെ പ്രാഥമിക സ്രോതസുകളായിരുന്ന കാലം മാറിയ സാഹചര്യത്തില്‍ അധ്യാപനം പുനര്‍ നിര്‍വചിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി വിശിഷ്ടാതിഥിയായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, സീനിയര്‍ ലക്ചറര്‍ കെ.കെ സന്തോഷ് കുമാര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *