Your Image Description Your Image Description

കോഴിക്കോട് : ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഒമ്പത് വര്‍ഷത്തിനിടെ ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ലോകം കണ്ടത് പ്രകൃതിയുടെ നിറച്ചാര്‍ത്തുകളണിഞ്ഞ മനോഹരപ്രദേശങ്ങളാണ്. കാട് മൂടിക്കിടന്നിരുന്ന ചാലിയം കടല്‍ത്തീരവും പരിസരവും പുലിമുട്ടും ഇന്ന് ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. രണ്ട് ഘട്ടങ്ങളിലായി 9.53 കോടി രൂപയുടെ പ്രവൃത്തികളാണ് ‘ഓഷ്യാനസ് ചാലിയം’ ബീച്ച് ഡെസ്റ്റിനേഷന്‍ ഒരുക്കാന്‍ ചെലവഴിച്ചത്.

രാത്രികാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി 4.46 കോടി രൂപ ചിലവഴിച്ച് ഒരുക്കിയ ഫസാഡ് ലൈറ്റിങ് പദ്ധതി വിനോദസഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്. കോഴിക്കോടിന്റെ ഹൃദയഭാഗങ്ങളില്‍ ഒരുക്കിയ ദീപാലങ്കാരങ്ങള്‍ കാണാന്‍ അയല്‍ ജില്ലകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ബേപ്പൂര്‍ ആന്‍ഡ് ബിയോണ്ട് – ഡെവലപ്മെന്റ് ആന്‍ഡ് റെനോവേഷന്‍ ഓഫ് ബേപ്പൂര്‍ ടൂറിസം രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പ്രധാന പദ്ധതിയാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന് വേദിയായ ബേപ്പൂര്‍ ബീച്ചിലെ ആദ്യഘട്ട വികസന പ്രവൃത്തികള്‍ക്കായി 9.94 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് വിനോദസഞ്ചാര വകുപ്പില്‍നിന്ന് ഭരണാനുമതിയായത്.

ബീച്ചിലെ രണ്ടാംഘട്ട വിനോദസഞ്ചാര വികസന പദ്ധതിയ്ക്കായി 14.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കടലുണ്ടി പക്ഷി സങ്കേതത്തിന്റെ മുഖഛായ മാറ്റിയ ‘ന്വേച്ചര്‍ വാക് വേ’ പദ്ധതിയുടെ നിര്‍മ്മാണം 1.43 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാനും പക്ഷി സങ്കേതത്തിന്റെ സൗന്ദര്യം നുകര്‍ന്ന് സമയം ചെലവഴിക്കാനും ഒട്ടേറെ സഞ്ചാരികളാണ് ദിനേന ഇവിടെയെത്തുന്നത്.
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന പുലിക്കയത്ത് രണ്ട് ഘട്ടങ്ങളിലായി 1.63 കോടി രൂപ ഉപയോഗിച്ച് കയാക്കിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി അന്തര്‍ദേശീയ കയാക്കിങ് സെന്റര്‍ സ്ഥാപിച്ചു. വിദേശികളടക്കം ആയിരങ്ങളാണ് കയാക്കിങ്ങില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്.

കോഴിക്കോട് നഗര ഹൃദയത്തില്‍ കനോലി കനാലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ സരോവരം ബയോ പാര്‍ക്കിന്റെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ‘സരോവരം നേച്ചര്‍ ലേര്‍ണിങ് സെന്റര്‍ ഫെയ്സ് വണ്‍’ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി 1.74 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റിച്ചിറ കുളവും പരിസരവും ടൂറിസം പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 1.25 കോടി രൂപ മുതല്‍ മുടക്കിലാണ് നവീകരിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരില്‍ തന്നെ സ്മാരകം പണിയുന്നതിനായി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ആകാശ മിഠായി’ എന്ന പേരില്‍ 7.37 കോടി രൂപ ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടപ്രവൃത്തിയുടെ ഭാഗമായി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്.
സൗത്ത് ബീച്ച്, ഭട്ട്റോഡ് ബീച്ച്, ഗോതീശ്വരം ബീച്ച്, തോണിക്കടവ്, കരിയാത്തുംപാറ, വയലട, നമ്പികുളം, തുഷാരഗിരി, അരിപ്പാറ, അകലാപ്പുഴ, തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്, മിനി ഗോവ, കാപ്പാട്, ഒളോപ്പാറ, കക്കാടംപൊയില്‍, പയംകുറ്റിമല, സാന്റ്ബാങ്ക്സ്, ചേര്‍മല കേവ് പാര്‍ക്ക്, പതങ്കയം, കക്കയം, പെരുവണ്ണാമൂഴി, മാനാഞ്ചിറ, ലോകനാര്‍കാവ് തീര്‍ത്ഥാടന ടൂറിസം പദ്ധതി തുടങ്ങി നൂറോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

ഉത്തരവാദിത്ത ടൂറിസം; ഒന്നാമാതാകാന്‍ കോഴിക്കോട്…

വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ചതായി ലഭ്യമാക്കിക്കൊണ്ട് പ്രാദേശിക ടൂറിസത്തില്‍ ചരിത്രം സൃഷ്ടിക്കുകയാണ് കോഴിക്കോട് ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ല എന്ന സ്ഥാനം കോഴിക്കോടിനാണ്. 4313 യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാന്‍ നല്‍കിവരുന്ന പരിശീലനങ്ങളിലും ജില്ല ഏറെ മുന്നിലാണ്. 3786 പേര്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം നല്‍കിയത്. യൂണിറ്റുകള്‍ തുടങ്ങിയവരായും പരിശീലത്തില്‍ പങ്കെടുത്തവരായും 80 ശതമാനം സ്ത്രീകളാണ് എന്നതും പദ്ധതിയുടെ നേട്ടമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നിലവില്‍ ബേപ്പൂര്‍ മണ്ഡലത്തിലും ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂര്‍, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗ്രാമീണ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. രജിസ്റ്റര്‍ ചെയ്ത 4313 യൂണിറ്റുകളില്‍ 2500 കര്‍ഷകര്‍, 450 കലാകാരന്മാര്‍, 700 ടൂറിസം നെറ്റ്‌വര്‍ക്കുകള്‍, 30 തദ്ദേശീയരായ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍, 100 എത്നിക് കുസിന്‍ യൂണിറ്റ് അംഗങ്ങളായ സ്ത്രീകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി 2018 ഫെബ്രുവരി മുതല്‍ 2024 ഡിസംബര്‍ ഒന്നുവരെ ജില്ലയിലെ പ്രദേശവാസികള്‍ക്ക് 7.2 കോടി രൂപയുടെ വരുമാനമാണുണ്ടായത്.

സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ മികച്ച മാതൃക സൃഷ്ടിക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ വിവിധ പരിശീലനങ്ങളിലായി 300 വനിതകളാണ് പങ്കെടുത്തത്. അലങ്കാര മെഴുകുതിരികള്‍, പേപ്പര്‍ ബാഗുകള്‍, ടെറാക്കോട്ട ആഭരണങ്ങള്‍, ഷെല്‍ ക്രാഫ്റ്റുകള്‍, മീന്‍ അച്ചാറുകള്‍ തുടങ്ങിയ സംരംഭങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നത്. ഇവിടെ നിര്‍മിക്കുന്ന ബീച്ച് തീം മെഴുകുതിരിയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വതത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തില്‍ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് പദ്ധതിയും ഫാം ടൂര്‍ പാക്കേജുകളും ആരംഭിച്ചിട്ടുണ്ട്.

കേരളീയ ഗ്രാമീണത അനുഭവിക്കാനാകുന്ന വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കേവല സ്ഥല സന്ദര്‍ശനത്തില്‍ ഒതുക്കാതെ പ്രദേശത്തെ സംസ്‌കാരം, കലാരൂപങ്ങള്‍, രുചിക്കൂട്ടുകള്‍, ഫല വൃക്ഷാദികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

കളരി യൂണിറ്റുകള്‍, കൈത്തറി യൂണിറ്റുകള്‍, കയര്‍ സൊസൈറ്റികള്‍, മണ്‍പാത്ര നിര്‍മാണ യൂണിറ്റുകള്‍, കുപ്പിക്കപ്പല്‍- ഉറുമാക്കിങ് യൂണിറ്റുകള്‍, തലകുട നിര്‍മാണം, ഗോത്ര കലാരൂപങ്ങള്‍, വെങ്കല നിര്‍മാണം, തോണിയാത്ര, മീന്‍പിടുത്തം, പുഴ വിഭവാസ്വാദനം, കാവ് സന്ദര്‍ശനം, പുരാതന പാളികള്‍, ആരാധനാലയങ്ങള്‍, കുന്നുകള്‍, ഐതിഹ്യ കഥപറച്ചിലുകാര്‍, കാര്‍ഷിക നൃത്തം, ദഫ്മുട്ട്, വട്ടംകളി, കോല്‍ക്കളി, കരകൗശല വസ്തു നിര്‍മാണം, തിറയാട്ടചമയം, മലബാറി രുചിക്കൂട്ടുകള്‍, കുന്നുകള്‍, മലകള്‍, പാറകള്‍, വയല്‍പാടങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജുകള്‍.

Leave a Reply

Your email address will not be published. Required fields are marked *