Your Image Description Your Image Description

കണ്ണൂർ : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആറളം ഫാമിലെ ഗോത്ര വര്‍ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ഏഴ്, ഒൻപത്, പത്ത്, 11 ബ്ലോക്കുകളിലുള്ള ഗോത്രവര്‍ഗ്ഗക്കാരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും മേഖലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തു.

ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഒന്‍പതാം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന വളയന്‍ചാല്‍ അങ്കണവാടിയിലെ 49 ഓളം കുട്ടികളുടെ പോഷകാഹാര വിതരണവും മൂന്നു മുതല്‍ ആറ് വരെയുള്ള 17 കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസവും മികച്ച രീതിയില്‍ നടക്കുന്നതായി കമ്മീഷൻ അഭിപ്രായപ്പെട്ടു. അങ്കണവാടി അധികൃതരെ കമ്മീഷന്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കാട്ടാന ശല്യം മൂലം പത്താം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിൽ മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് സ്ഥിരമായി എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അവര്‍ക്ക് അവകാശപ്പെട്ട പോഷകാഹാര വിതരണം മുടങ്ങുന്നത് ഒഴിവാക്കാന്‍ പഞ്ചായത്ത്, ഐസിഡിഎസ് വകുപ്പുകളോട് വനം വകുപ്പുമായി സഹകരിച്ച് മാര്‍ഗം കണ്ടെത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ബ്ലോക്ക് ഏഴിലുള്ള റേഷന്‍ കടയും കമ്മീഷന്‍ സന്ദര്‍ശിച്ചു. ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഏപ്രിൽ 24 ന് ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കമ്മീഷന്‍ വിശകലനയോഗം ചേരും. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, വാര്‍ഡ് അംഗം മിനി ദിനേശന്‍, ജില്ലയിലെ സിവില്‍ സപ്ലൈസ്, ഐസിഡിഎസ്, ഐടിഡിപി, ട്രൈബല്‍ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കമ്മീഷനോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *