Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് എട്ട് വിക്കറ്റിനാണ് ലഖ്‌നൗ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ ടീമിലെ ഭിന്നതകള്‍ കൂടുതല്‍ മറനീക്കി പുറത്തുവരികയാണ്. ലഖ്‌നൗ ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ തീരുമാനം വിമര്‍ശിക്കപ്പെടുന്നതിനിടെ ലഖ്‌നൗ ടീം മെന്‍ററായ സഹീര്‍ ഖാനും റിഷഭ് പന്തും ഡഗ് ഔട്ടിലിരുന്ന് തര്‍ക്കിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

അതേസമയം ലഖ്‌നൗ ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായത്. ലഖ്‌നൗ ഇന്നിംഗ്സില്‍ രണ്ട് പന്ത് മാത്രം അവശേഷിക്കുമ്പോഴായിരുന്നു ക്യാപ്റ്റനായ റിഷഭ് പന്ത് ക്രീസിലെത്തിയത്. മുകേഷ് കുമാറിന്‍റെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന പന്ത് രണ്ടാം പന്തില്‍ റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച് ബൗള്‍ഡാകുകയും ചെയ്തു.

റിഷഭ് പന്ത് പതിനാലാം ഓവറില്‍ ക്രീസിലെത്തുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ഇംപാക്ട് സബ്ബായി ആയുഷ് ബദോനിയാണ് ക്രീസിലെത്തിയത്. ടീം മെന്‍റര്‍ സഹീര്‍ ഖാന്‍റെ തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍. മോശം ഫോമിലുള്ള പന്തിനെക്കാള്‍ ബദോനിയെ ഇംപാക്ട് സബ്ബായി ഇറക്കിയ സഹീറിന്‍റെ തീരുമാനം 21 പന്തില്‍ 36 റണ്‍സെടുത്ത ബദോനി ഏറെക്കുറെ വിജയിപ്പിച്ചെങ്കിലും ബൗളിംഗില്‍ ഇത് ലഖ്‌നൗവിന് ഇത് തിരിച്ചടിയായി.

ബദോനിയെ ഇംപാക്ട് സബ്ബായി ഇറക്കാനുള്ള തീരുമാനമാണോ സഹീറും പന്തും തമ്മിലുള്ള തര്‍ക്കത്തിന് കാരണമെന്ന് വ്യക്തമല്ല. എന്നാല്‍ ഇരുവരും തര്‍ക്കിക്കുന്നത് ഒരു പക്ഷെ പന്തിന്‍റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചായിരിക്കുമെന്നായിരുന്നു കമന്‍ററി ബോക്സിലുണ്ടായിരുന്ന അനില്‍ കുംബ്ലെയും സുരേഷ് റെയ്നയും പറഞ്ഞത്.

ഫോം വീണ്ടെടുക്കാന്‍ അവസാനം ഇറങ്ങി സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നത് നല്ലതാണെങ്കിലും ഇത് ഏറെ വൈകിപ്പോയെന്നും ഇരുവരും പറഞ്ഞിരുന്നു. തന്നെ നേരത്തെ ഇറക്കാന്‍ അപ്പോഴെ പറഞ്ഞതല്ലെ എന്നാകും റിഷഭ് പന്ത് സഹീറിനോട് ചോദിക്കുന്നതെന്നും റെയ്ന പറഞ്ഞു. ഈ സീസണില്‍ കളിച്ച ഒൻപത് മത്സരങ്ങളില്‍ നിന്ന് റിഷഭ് പന്ത് ഇതുവരെ നേടിയത് 106 റണ്‍സ് മാത്രമാണ്

Leave a Reply

Your email address will not be published. Required fields are marked *