ദുബൈ: യുഎഇയിൽ താപനില ക്രമാനുഗതമായി വർധിക്കുമെന്നും വരും ദിവസങ്ങളിൽ പൊടിക്കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉൾപ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തീരദേശ മേഖലകളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് രാത്രിയിലും പുലർച്ചെയും 85 ശതമാനം വരെയാകാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. വാരാന്ത്യത്തോടെ കാറ്റിന്റെ വേഗത 40 കിലോമീറ്ററായി വർധിക്കും. വെള്ളിയാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും അറബിക്കടലിൽ തിരമാലകൾ ശക്തമാകാൻ സാധ്യതയുണ്ട്. ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഉപരിതല മർദ്ദ വ്യതിയാനങ്ങളാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് എൻസിഎം വിശദീകരിച്ചു. പൊടിക്കാറ്റ് ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
