നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തിയതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ് രാഷ്ട്രീയം വെറും ആരാധകക്കൂട്ടത്തിന്റെ സ്വാധീനത്തിലായി മാറിയെന്നും രാഷ്ട്രീയ ബോധമല്ല ഇവിടെ പ്രകടമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം.കെ.സ്റ്റാലിനും പരാജയം രുചിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ആ ലക്ഷ്യത്തോടെയുള്ള യാത്ര തുടരുമെന്നും പറഞ്ഞ അദ്ദേഹം വിജയിച്ചവർക്ക് ആശംസകളും നേർന്നു. പ്രകാശ് രാജിന്റെ ഈ പ്രസ്താവന വിജയ് ആരാധകരെ ചൊടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിലാണ് ആരാധകർ ഇതിനോട് പ്രതികരിക്കുന്നത്. പ്രകാശ് രാജ് തമിഴനല്ലെന്നും കർണാടകയിൽ താമസിക്കുന്ന അദ്ദേഹം എന്തിനാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്നുമാണ് ആരാധകരുടെ പ്രധാന ചോദ്യം.
കൂടാതെ പ്രകാശ് രാജ് മുൻപ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയും ആരാധകർ അദ്ദേഹത്തെ പരിഹസിക്കുന്നുണ്ട്. 234 അംഗ സഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയിന്റെ ടിവികെ തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടിയത്. ഭരണകക്ഷിയായിരുന്ന ഡിഎംകെ സഖ്യത്തിന് 73 സീറ്റുകളും എഐഎഡിഎംകെ സഖ്യത്തിന് 52 സീറ്റുകളും മാത്രമാണ് ലഭിച്ചത്. രാഷ്ട്രീയ പ്രവേശനം വിജയകരമായി മാറിയതോടെ രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങി നിരവധി പ്രമുഖർ വിജയ്യെ അഭിനന്ദിച്ചു.
