Your Image Description Your Image Description

ഒടുവിൽ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് പൂട്ടി . എൻ ഡി പി എസ് നിയമത്തിലെ സെക്ഷൻ 27,29 പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത് . രാസലഹരി ഉപയോഗിക്കാറില്ലെന്നായിരുന്നു ഷൈൻ പൊലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരുന്നത്.

എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടൻ പതറി പോയി . ഷൈൻ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കാണിച്ചപ്പോൾ പൊലീസിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത് .

കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് മൊഴി നൽകി. ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോണിൽ‌നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി . ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമെതിരെയാണ് കേസ്. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരനായ സജീറിനെ അറിയാമെന്നും ഷൈൻ മൊഴി നൽകി .

ഷൈനിന്റെ രക്തവും നഖവും മുടിയും പരിശോധിക്കും. തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്നുമാണ് ഇയാൾ മൊഴി നൽകിയത്.

ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് ഡ്രഗ് ഡീലർ സജീറിനെ തേടിയായിരുന്നു. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലിസ്റ്റുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഇയാൾ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.

ഇയാളുമായി ബന്ധപ്പെട്ട് എക്സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയാണ് ഷൈനിനെ ചോദ്യം ചെയ്തത്. . ഇയാളിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ചു കൂടുതൽ പ്രതികൾ അറസ്റ്റിലാകും.

പ്രതികൾക്കായി പോലീസ് അന്വഷണം ആരംഭിച്ചു , പലരും ഒളിവിൽ പോയെന്നാണ് ലഭിക്കുന്ന വിവരം . ഇവരുടെ ഫോണും സ്വിച്ചോഫാണ്.

Leave a Reply

Your email address will not be published. Required fields are marked *