Your Image Description Your Image Description

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000 രൂപ പിഴ അടക്കാൻ കോടതിവിധി. എറണാകുളം

 ആർടി എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സ്പെഷ്യൽ കോർട്ട് ഫോർ എംപി/എംഎൽഎ) മേരി ബിന്ദു ഫെർണാണ്ടസ് പ്രതികൾ കുറ്റക്കാർ ആണെന്ന് കണ്ടെത്തി പിഴയിട്ടത്.

2021 ഫെബ്രുവരി 22ന് അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി. ശ്രീകാന്ത് കാലടിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് അമിത ഭാരം കയറ്റി വന്ന ടിപ്പർ ടോറസ് കണ്ടെത്തിയത്. 35 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ 52490 കിലോ ഭാരം കയറ്റിയിരുന്നു. 17 ടൺ അമിത ഭാരം കണ്ടെത്തിയതിനെ തുടർന്ന് 35500/- രൂപ കോമ്പൗണ്ട് ചെയ്യാൻ ഇചല്ലാൻ നൽകിയിരുന്നു. എന്നാൽ വാഹന ഉടമയും ഡ്രൈവറും കോമ്പൗണ്ട് ചെയ്യാൻ തയ്യാറല്ലാത്തതിനാൽ ആർടിഒ യുടെ നിർദ്ദേശപ്രകാരം എ എം വി ഐ ജോബിന്‍ എം ജേക്കബ്‌ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ബെന്നി ടി.യു. ഡ്രൈവർ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിന്‍സ് ജോസഫ്‌ എന്നിവർ കോടതിയിൽ കുറ്റം നിഷേധിച്ചാൽ കേസ് വിചാരണയിലേക്ക് നീണ്ടു.

മോട്ടോർ വാഹന വകുപ്പിന് വേണ്ടി കോടതിയിൽ അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സുമി പി ബേബി ഹാജരായി.

കോമ്പൗണ്ടിംഗ് ഫീ അടച്ച് തീർപ്പാക്കാത്ത എല്ലാ കേസുകളും കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾക്കായി സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസിൽ അയോഗ്യത കൽപ്പിക്കുന്ന നടപടികൾ, വാഹനത്തിൻറെ പെർമിറ്റിൽ നടപടി എടുക്കുന്നതിനു വേണ്ടിയുള്ള നടപടികൾ എന്നിവ നടന്നു വരുന്നതായി ആർടിഒ കെ മനോജ് അറിയിച്ചു.

നിലവിൽ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ നടക്കുന്ന കേസുകളിൽ എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന വാരാന്ത്യ അദാലത്ത് പ്രയോജനപ്പെടുത്തുകയോ അല്ലെങ്കിൽ വാഹന ഉടമ ഡ്രൈവർ എന്നിവരിൽ ആരെങ്കിലും ഒരാൾ ഓഫീസിൽ നേരിട്ട് എത്തിയാൽ കോമ്പൗണ്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും എന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *