Your Image Description Your Image Description

തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ കയ്യടി നേടുകയാണ്. ‘ഋ’ എന്ന ചിത്രമാണ് ഓടിടിയിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നത്. ആമസോൺ പ്രൈമിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽപ്പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദായത്തിൽപ്പെട്ട യുവതിയുമായുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഋയുടെ പ്രമേയം.

വര്‍ണരാഷ്ട്രീയവും ജാതി രാഷ്ട്രീയവും സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ളതാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. ഒഥല്ലോയോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നതാണ് ‘ഋ’യിലെ ക്ലൈമാക്സും. മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിൽ രഞ്ജി പണിക്കര്‍, രാജീവ് രാജൻ, നയന എൽസ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൈദികനായ ഫാ.വര്‍ഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റ്‌ഴ്‌സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിന്‍റെതാണ് തിരക്കഥ.

Leave a Reply

Your email address will not be published. Required fields are marked *