Your Image Description Your Image Description

നടനും രാഷ്ട്രീയ നേതാവുമായ ദളപതി വിജയ് മുസ്ലിം വിരുദ്ധനാണ് എന്ന് ഉത്തര്‍ പ്രദേശിലെ മൗലനാ ഷഹാബുദ്ദീന്‍ റസ്‌വി. കഴിഞ്ഞ റമദാനില്‍ ഇഫ്താര്‍ സംഗമം നടത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് നടനെതിരെ മുസ്ലിം മതസംഘടനാ നേതാവ് പ്രതികരിച്ചിരിക്കുന്നത്. വിജയ്‌ക്കെതിരെ ഫത്‌വ എന്ന തലക്കെട്ടോടെയാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് വിജയ് ചെന്നൈയില്‍ ഇഫ്താര്‍ സംഗമം നടത്തിയത്. ഇതില്‍ മദ്യപന്മാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പങ്കെടുത്തു എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു മുസ്ലിം സംഘടന വിജയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരിക്കെയാണ് ഉത്തര്‍ പ്രേേദശിലെ മൗലാന കടുത്ത ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നത്. അഖിലേന്ത്യ മുസ്ലിം ജമാഅത്ത് എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റാണ് മൗലനാ ഷഹാബുദ്ദീന്‍ റസ്‌വി ബറേലി. ചഷ്‌മെ ദാറുല്‍ ഇഫ്തയിലെ ചീഫ് മുഫ്തിയുമാണത്രെ ഇദ്ദേഹം. വിജയ് ഇസ്ലാമിനെ അപമാനിച്ചുവെന്നും അദ്ദേഹം മുസ്ലിം വിരുദ്ധനാണെന്നും മൗലാന പറഞ്ഞു എന്നാണ് ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിജയുടെ സിനിമയും ഇഫ്താറുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം സൂചിപ്പിച്ചു. വിജയ് ഇഫ്താര്‍ സംഘടിപ്പിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് എന്നാണ് വിമര്‍ശനം. മദ്യപന്മാരെയും ചൂതാട്ടം കളിക്കുന്നവരെയും ഇഫ്താറിലേക്ക് ക്ഷണിച്ചത് നിയമവിരുദ്ധവും പാപവുമാണ്. വിജയിയെ തമിഴ്‌നാട്ടിലെ മുസ്ലിങ്ങള്‍ വിശ്വസിക്കരുത്. ഒരു മത ചടങ്ങിലും പങ്കെടുപ്പിക്കാനും പാടില്ലെന്നും രാഷ്ട്രീയ നേട്ടമാണ് വിജയുടെ ലക്ഷ്യമെന്നും മൗലാന റസ്‌വി പറയുന്നു. മുസ്ലിം വിരുദ്ധതയുടെ ചരിത്രമുള്ള വ്യക്തിയാണ് വിജയ്. അദ്ദേഹത്തിന്റെ ബീസ്റ്റ് എന്ന സിനിമയില്‍ മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കിയാണ് ചിത്രീകരിക്കുന്നത്. മുസ്ലിങ്ങള്‍ പിശാചുക്കളാണ് എന്ന് ചിത്രീകരിക്കാനാണ് സിനിമയില്‍ ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ സാഹചര്യത്തില്‍ വോട്ടിന് വേണ്ടി മുസ്ലിങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയാണ് എന്ന് മൗലാന റസ്‌വി പറഞ്ഞുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് എന്ന സംഘടന കഴിഞ്ഞ മാര്‍ച്ച് 11ന് വിജയിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇസ്ലാമുമായോ റമദാനിലെ വ്രതവുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ് വിജയുടെ ഇഫ്താര്‍ വിരുന്നിന് എത്തിയത് എന്നും ഇസ്ലാമിനെ അപമാനിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു പരാതി. വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) ആണ് ഇഫ്താര്‍ സംഗമം നടത്തിയിരുന്നത്.തലയില്‍ തൊപ്പിയണിച്ച് നോമ്പു തുറയില്‍ പങ്കെടുക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്ത വിജയുടെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. മദ്യപന്മാരെയും റൗഡികളെയുമാണ് വിജയ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് സംശയിക്കുന്നു എന്നാണ് സുന്നത്ത് ജമാഅത്ത് ട്രഷറര്‍ സയ്യിദ് കൗസ് മാധ്യമങ്ങളോട് പറഞ്ഞത്. ജനശ്രദ്ധ കിട്ടാനല്ല പരാതി നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചു. പോലീസില്‍ പരാതി നല്‍കിയത് സംബന്ധിച്ചോ യുപിയിലെ മുസ്ലിം സംഘടനാ നേതാവിന്റെ പ്രതികരണം സംബന്ധിച്ചോ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് വിജയിയും ടിവികെയും. ഡിഎംകെക്കും ബിജെപിക്കുമെതിരെ ശക്തമായ പ്രസ്താവനകളുമായിട്ടാണ് വിജയ് രാഷ്ട്രീകളം നിറയുന്നത്. അതിനിടെയാണ് പരാതിയും വിവാദങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *