Your Image Description Your Image Description

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അയ്യായിരം കോടിയുടെ ക്രമക്കേടാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. ഈ കേസ് നല്ല രീതിയില്‍ നടന്നാല്‍, രാഹുലും സോണിയയും അടക്കമുള്ളവര്‍ ജയിലില്‍ പോവുമെന്നാണ്, കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന സുബ്രമണ്യം സ്വാമിയും, ബിജെപി നേതാക്കളും പറയുന്നത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ ഡിയെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയുമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. .കോണ്‍ഗ്രസിന്റെ ചരിത്രംപോലെ തന്നെ അധികാര വടംവലിയുടെയും, ഗ്രൂപ്പിസത്തിന്റെയും ചരിത്രമാണ് നാഷണല്‍ ഹെറാള്‍ഡിന്റെതും. ഇന്ദിരാക്കാലത്തെ വ്യക്തിപൂജയും, അടിയന്തരാവസ്ഥക്കാലത്തെ പ്രശ്നങ്ങളുമൊക്കെ നേരത്തെയും ചര്‍ച്ചയായതാണ്. അടിയന്തരാവസ്ഥക്കുശേഷം, 30 വര്‍ഷം തുടര്‍ച്ചയായി എഡിറ്ററായിരുന്ന, ചലപതി റാവുവിനെ പുറത്താക്കി, സഞ്ജയ് ഗാന്ധിയുടെ ശിങ്കിടിയായ, കുപ്രസിദ്ധനായ യശ്പാല്‍ കപൂര്‍ പത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതുമെല്ലാം ചരിത്രം. പത്രം നിന്നെങ്കിലും രാജ്യത്തിന്റെ കണ്ണായ ഭാഗത്തായി അവര്‍ക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇത് സ്വന്തമാക്കാന്‍ ഗാന്ധികുടുംബം ഗൂഢാലോചന നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ആറാം തമ്പുരാന്‍ സിനിമയിലെ, കുളപ്പുള്ളി അപ്പനും, ഭാര്യയും, സഹോദരനുമുള്ള ഒരു ട്രസ്റ്റുപോലെ ഒരു കമ്പനി തട്ടിക്കൂട്ടുകയാണ് അവര്‍ അതിന് ചെയ്തത്. ഒരൊറ്റ രാത്രി കൊണ്ട് 2000 കോടിയുടെ ആസ്തിയുള്ള പത്ര സ്ഥാപനവും അനുബന്ധ സ്വത്തുക്കളും സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും യംഗ് ഇന്ത്യ കമ്പനിയെന്ന കമ്പനി രൂപീകരിച്ച് ഏറ്റെടുക്കയായിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ 2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ചാണ് ഈ തട്ടിപ്പിന് കളമൊരുക്കിയത്. ഇരുവര്‍ക്കും ചേര്‍ന്ന് 38 % ഷെയര്‍. വിശ്വസ്തനായ മോത്തിലാല്‍ വോറയ്ക്ക് 12%, ഷെയര്‍. കുടുംബ സുഹൃത്തുക്കളായ സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരേയും ഓഹരി നല്‍കി പുതിയ കമ്പനിയുടെ ഡയറക്ടര്‍മാരാക്കി. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ വീട്ടില്‍ വെച്ച് ഈ കമ്പനി ഡയറക്ടര്‍മാര്‍ ഒത്ത് കൂടി ഒരു പ്രമേയം പാസ്സാക്കി. അസ്സോസ്സിയേറ്റഡ് ജേര്‍ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൊടുക്കാനുള്ള 90 കോടി രൂപ പുതിയ കമ്പനിയായ യംഗ് ഇന്ത്യ 50 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടമായി സ്ഥാപനത്തിന് പണം നല്‍കിയത് 90 കോടി വരും. ഇത് തന്നെ നിയമവിരുദ്ധമാണ്. ഇന്ത്യയിലെ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും കമ്പനികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പണം കടം നല്‍കാന്‍ കഴിയില്ല. നിയമമനുസരിച്ച് സംഭാവന സ്വീകരിക്കാം. കടം കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയില്ല. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഖജാന്‍ജിയായിരുന്ന മോത്തിലാല്‍ വോറയായിരുന്നു അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ ചെര്‍മാനും മാനേജിംഗ് ഡയറക്ടറും. ഈ ഏറ്റെടുക്കലും കോടതിയില്‍ പൊട്ടി. വിചിത്രമായ ഈ പ്രമേയം വായിച്ച ജഡ്ജിമാര്‍ ചോദിച്ചു; ’90 കോടി രൂപയുടെ കടം എങ്ങനെയാണ് 50 ലക്ഷം രൂപയ്ക്ക് എറ്റെടുക്കുക? സോണിയയുടേയും രാഹുലിന്റെ വക്കീലന്മാരായ കപില്‍ സിബലും, അഭിഷേക് സിംഗ്വിയും ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തപ്പിപ്പോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *