Home » Blog » Cinema » “പാലക്കാടിന്റെ എംഎൽഎ”, പിഷാരടിയുടെ പോസ്റ്റിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ വൈറൽ
2

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം നിലനിർത്തി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കരുത്തായി മാറി രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിനും വോട്ടർമാർക്ക് നന്ദിയും അറിയിച്ച് താരം. എന്നാൽ രമേശ് പിഷാരടിയുടെ കുറിപ്പിനേക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് കുറിപ്പിന് താഴെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ കമന്റാണ്.

“നന്ദി… കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച സുമനസ്സുകൾക്ക്.” – എന്ന് രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തിൽ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം.

പിഷാരടിയുടെ വിജയക്കുറിപ്പിന് താഴെ “പാലക്കാടിന്റെ എംഎൽഎ” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കമന്റ് ചെയ്തത്. ഇത്തവണ പാലക്കാട് പിഷാരടിക്ക് വഴിമാറിക്കൊടുത്ത രാഹുലിന്റെ ഈ വാക്കുകൾ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഈ കമന്റിന് താഴെ വരുന്ന മറുപടികളും ശ്രദ്ധ നേടി.

രാഹുലിന്റെ കമന്റിന് താഴെ സ്നേഹം പങ്കുവച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. “തിരിച്ചു വാ രാഹുൽ… നിനക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ട്” എന്ന് ഒരു വിഭാഗം ആരാധകർ കുറിക്കുമ്പോൾ, “ഡാ കുട്ടാ, നമ്മൾ ജയിച്ചെടാ” എന്ന സ്നേഹപ്രകടനങ്ങളും കാണാം. എന്നാൽ ഇതിനിടയിൽ ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. “നിന്റെ പിടിപ്പുകേട് കൊണ്ട് അവന് ചാൻസ് കിട്ടി” എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ ഉണ്ട്.

പാലക്കാട് സീറ്റിനെച്ചൊല്ലി തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ലൈംഗികാരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാറി നിന്നപ്പോൾ പിഷാരടിയെ സ്ഥാനാർഥിയായി എത്തിക്കുകയായിരുന്നു. ‘താൻ എന്തിനാണോ വന്നത് അത് പൂർണ്ണമായി നിറവേറ്റാൻ കഴിഞ്ഞു’ എന്ന ആത്മവിശ്വാസത്തിലാണ് പിഷാരടി ഇപ്പോൾ. മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരും ഈ വിജയം വൻ ആഘോഷമാക്കി മാറ്റുകയാണ്.