Your Image Description Your Image Description

യേശുനാഥൻ കുരിശിൽ നിന്ന് ഉയർത്തെഴുന്നേറ്റതിൻറെ ഓർമപുതുക്കിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ സമയമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. നമ്മുടെ സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമെല്ലാം നാം ഈസ്റ്റർ മുട്ടകൾ സമ്മാനിക്കാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അർത്ഥമോ, കഥയോ പലർക്കും അറിയില്ല.


ഈസ്റ്റർ മുട്ടയുടെ ചരിത്രം

പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നു. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15 ാം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില പള്ളികളിൽ ഈസ്റ്റർ മുട്ട ആശീർവദിച്ച് വിശ്വാസികൾക്കു വിതരണം ചെയ്യാറുമുണ്ട്.

ഈസ്റ്റർ മുട്ടകൾ തയാറാക്കുന്നത്

രണ്ടു വിധത്തിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോടിൽ ചായങ്ങൾ പൂശി ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തിൽ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിയും.

വിവിധ തരം ഈസ്റ്റർ മുട്ടകളും അവയുടെ അർത്ഥവും

ഈസ്റ്റർ മുട്ടകളിൽ ചുവപ്പ് മുട്ടകൾക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ് ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. ഉള്ളിത്തൊലി, ബീറ്റ് റൂട്ട്, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നൽകാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീടിത് കൃത്രിമ നിറങ്ങൾക്കു വഴിമാറി. മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *