Your Image Description Your Image Description

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഒരാൾ കൂടി കണ്ണൂരിലെ പാര്‍ട്ടിയെ നയിക്കാന്‍ പടിയിറങ്ങുമ്പോൾ പകരക്കാരന്‍ ആരാണെന്നതാണ് ചര്‍ച്ച സജീവമായിരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന എം.വി.ജയരാജനും ആ പദവിയിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ്.

2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്. പുതിയ പ്രൈവറ്റ് സെക്രട്ടറി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്.

ആസന്നമായ പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി മുന്നില്‍നിന്നു നയിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ ക്രിയാത്മകമായ ,ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തിലാവും നിയമനമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള കണ്ണൂരില്‍നിന്നുള്ള നേതാവ് എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. അതേസമയം, ഭരണപരിചയമുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥരാരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയായേക്കുമെന്നും അഭ്യൂഹമുണ്ട്.

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനു ശേഷം രണ്ടു വര്‍ഷത്തോളം മുന്‍ ആദായനികുതി കമ്മിഷണര്‍ ആര്‍. മോഹനന്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയനിയമനം തന്നെയാണ് ഉചിതമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

ജില്ലാ സെക്രട്ടറിയായി രാഗേഷിനെ നിര്‍ദേശിച്ചതു പോലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ആളെ തന്നെയാവും പരിഗണിക്കുക. എംവി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒഴിവുവന്ന കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെകെ രാഗേഷിനെ നിയോഗിച്ചത് .

ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെകെ രാഗേഷിനാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതൽ സാദ്ധ്യത കൽപ്പിച്ചിരുന്നത്. രാജ്യസഭയിൽ മികച്ച പ്രകടനം നടത്തിയിരുന്ന രാഗേഷ് മുഖ്യമന്ത്രിയുടെ വിശ്വസ്തനും കൂടിയാണ്.

എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച ഏക മലയാളിയാണ് രാഗേഷ്. അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറിയുമായിരുന്നു . ഇപ്പോൾ പാർട്ടി സംസ്ഥാനകമ്മിറ്റി അഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *