Your Image Description Your Image Description

തിരുവനന്തപുരം: കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ളത് ഒരു രൂപ മാത്രമെന്ന് വിവരാവകാശ രേഖകൾ. സംസ്ഥാനത്ത് ഭൂമി തരമാറ്റത്തിന് ഈടാക്കുന്ന ഫീസ് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്നാണ് ചട്ടം. കോടിക്കണക്കിന് രൂപ ഇത്തരത്തിൽ തരംമാറ്റത്തിലൂടെ ലഭിച്ചിട്ടും കാർഷിക വികസന ഫണ്ടിൽ ഒരു രൂപ മാത്രമാണ് ഉള്ളത്. തണ്ണീർത്തട നിയമ പ്രകാരം തരംമാറ്റത്തിലൂടെ കിട്ടുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടം നിലനിൽക്കെയാണ് സർക്കാർ പൊതുഫണ്ടിലേക്ക് തുക മാറ്റിയത്.

നെൽവയലും തണ്ണീർത്തടങ്ങളും നികത്തുമ്പോൾ നഷ്ടമാകുന്ന കാ‍ർഷിക സമ്പത്തിന് പകരം കൃഷിയോ പ്രോത്സാഹിക്കാൻ നടപടി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ചത്. 2008 ലെ കേരള നെല്ല് വയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം മറ്റ് ആവശ്യങ്ങൾക്കായി നികത്തപ്പെടുന്ന ഭൂമിക്ക് ഈടാക്കുന്ന ഫീസ് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്നാണ് ചട്ടം. ലാൻഡ് റവന്യു കമ്മീഷ്ണർക്കാണ് കാർഷിക അഭിവൃദ്ധി ഫണ്ടിന്‍റെ ചുമതല. ഇതിനായി ലാൻഡ് റവന്യു കമ്മീഷ്ണറുടെ പേരിൽ പ്രത്യേകം ട്രഷറി സേവിങ്ങ്സ് അക്കൗണ്ട് ഉണ്ട്. എന്നാൽ ഈ അക്കൗണ്ടിലെ വിവരങ്ങളാണ് ഞെട്ടിക്കുന്നത്.

2024 ഡിസംബർ വരെ സംസ്ഥാനത്തെ ഭൂമി തരമാറ്റത്തിനുള്ള ഫീസ് ഇനത്തിൽ റവന്യു വകുപ്പിന് 1606 കോടി 6 ലക്ഷത്തി തൊണ്ണൂറായിരത്തി എഴുനൂറ്റി എഴുപത്തിയൊന്ന് രൂപ കിട്ടിയിട്ടുണ്ട്. പക്ഷെ ഈ വിവരാവകാശ രേഖകൾ പറയുന്നത് ലാൻഡ് റവന്യു കമ്മീഷ്ണറുടെ കാർഷിക അഭിവ‍ൃദ്ധി അക്കൗണ്ടിലുള്ളത് ഒരു രൂപ മാത്രമെന്നാണ്. എവിടേക്കാണ് പണം വകമാറ്റിയതെന്നും എന്തിന് വേണ്ടി ചെലവഴിച്ചു എന്നതിലും റവന്യു വകുപ്പിന് മറുപടിയില്ല.

പല തവണ കാർഷിക അഭിവൃദ്ധി ഫണ്ടിന്‍റെ വിനിയോഗത്തിൽ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. റവന്യു വകുപ്പിന്‍റെ വെബ്സൈറ്റിൽ ഇത് അപ്‍ലോഡ് ചെയ്യണമെന്നും പറഞ്ഞതാണ്. നാളിതുവരെ ഒന്നും ഉണ്ടായിട്ടില്ല.

നിയമവിരുദ്ധമായി നികത്തപ്പെടുന്ന ഭൂമി പൂർവസ്ഥിതിയിലാക്കാനും കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കേണ്ടത്. ഇതിനൊന്നും നിലവിൽ പണം ഇല്ല. നെൽകൃഷിയും കർഷകരും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്ന് സഹായമുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *