Your Image Description Your Image Description

ന്യൂഡൽഹി: സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് 26 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ബറോഡയില്‍ നിന്ന് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പിടിയിലായത് മാനസിക പ്രശ്നമുള്ളയാളെന്നും സംശയമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നും ഭീഷണി സന്ദേശം വന്നത്. മുംബൈ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും അടുത്തിടെ സ്ഥാപിച്ചിരുന്നു. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനവേലിലുള്ള സല്‍മാന്റെ ഫാം ഹൗസിലും സെക്യൂരിറ്റികളുടെ ഒരു നീണ്ടനിരയുണ്ട്. അതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം.

ഭീഷണികൾക്ക് ശേഷം, താൻ ഇപ്പോൾ തന്റെ വീടിനും സിനിമാ സെറ്റിനും ഇടയിൽ മാത്രമേ സഞ്ചരിക്കാറുള്ളൂ എന്ന് സൽമാൻ വെളിപ്പെടുത്തി. ലോറന്‍സ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരില്‍ വെച്ച് സല്‍മാന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. ബിഷ്‌ണോയി സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം. കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.

ഈ ഭീഷണികൾക്ക് മറുപടിയായി, ഖാന്റെ ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചും വീടിന് പുറത്തുള്ള പ്രദേശം നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചും അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. 2024 ഒക്ടോബറിൽ ഖാന്റെ അടുത്ത സുഹൃത്തായിരുന്ന രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിനെത്തുടർന്ന് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചു. തുടർച്ചയായ ഭീഷണികൾക്കിടയിലും നടന്റെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ സംരക്ഷണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *