Your Image Description Your Image Description

തിരുവനന്തപുരം : കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനവും വെബ്പോർട്ടൽ ഉദ്ഘാടനവും അംഗത്വ കാർഡ് വിതരണവും തൈക്കാട് അതിഥി മന്ദിരത്തിൽ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനുള്ള ബജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം മികച്ച രീതിയിൽ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജ്യത്ത് ആദ്യമായി 20 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനമാണ് നമ്മുടേത്. മുൻപ് പത്തരക്കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായിട്ടുണ്ട്. കഴിഞ്ഞ വർഷം ആറു കോടി തൊഴിൽ ദിനങ്ങളാണ് കേന്ദ്രം അനുവദിച്ചിരുന്നതെങ്കിലും 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനത്തിനായി. ഈ വർഷം 5 കോടി തൊഴിൽ ദിനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലും സോഷ്യൽ ഓഡിറ്റ് നൂറുശതമാനം പൂർത്തിയാക്കാനായി. പട്ടികവർഗ മേഖലയിൽ നൂറു തൊഴിൽ ദിനങ്ങൾ അധികം നൽകുന്ന സംസ്ഥാനവും കേരളമാണ്.

തൊഴിലുറപ്പിലൂടെ ഗ്രാമീണ ആസ്തി വർദ്ധിപ്പിക്കുന്നതിൽ മുൻഗണന നൽകുന്നുണ്ട്. മണ്ണ് സംരക്ഷണത്തിലും ജലസംരക്ഷണത്തിലും കൃഷി പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള ഗ്രാമീണ മാതൃകകൾക്ക് ഇതിനോടകം അംഗീകാരങ്ങളും ലഭിച്ചു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിലൂടെ പഠന- ചികിത്സാ-വിവാഹ സഹായങ്ങൾ, പ്രസവാനുകൂല്യം, മരണാനന്തര സഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങളാണ് സംസ്ഥാനത്ത് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts