Your Image Description Your Image Description

മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ചിത്രം ഇന്നലെ തീയറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് ആറാട്ടണ്ണന്റെ പ്രതികരണം. ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് ഇടയ്ക്ക് ചിത്രത്തിൽ നിന്നും പിൻവാങ്ങിയെന്നും സന്തോഷ് വർക്കി പറയുന്നു. സിനിമയിൽ സന്തോഷ് വർക്കി എത്തുന്ന സീനിനെ സൈബർ ലോകത്ത് ട്രോൾമഴ ലഭിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ അ​ദ്ദേഹം വെളിപ്പെടുത്തുന്നത്. ‘ബസൂക്ക’യിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. തൻറെ സീൻ വന്നപ്പോൾ എല്ലാവരും കയ്യടിച്ചെന്നും ആറാട്ട് അണ്ണൻ ചൂണ്ടിക്കാട്ടുന്നു.

‘‘ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ്.

പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റി, ഞാൻ പൈസ വാങ്ങിയിട്ടില്ലാ, എൻറെ സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാൻ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി. അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയിൽ മേടിച്ചിട്ടില്ല. പ്രൊഡക്‌ഷൻ കൺട്രോളർ വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേത്.’’–ആറാട്ട് അണ്ണൻ പറഞ്ഞു.

അതേ സമയം മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങും കൊണ്ട് ‘ബസൂക്ക’ കയ്യടി നേടുന്നുണ്ട്. മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *