Your Image Description Your Image Description

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്. കുറ്റപത്രത്തിൽ ചുമത്തിയ ഈ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിചാരണ ചെയ്യാനുള്ള തെളിവുകളില്ലെന്നും കണ്ടെത്തി. ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ടുകൾ സാമൂഹ്യ നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2022 നവംബര്‍ മാസം സംപ്രേഷണം ചെയ്ത നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന വാര്‍ത്ത പരമ്പരയെക്കുറിച്ച് നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി.വി അന്‍വര്‍ ആണ് നിയമസഭയില്‍ ചോദ്യമുയർത്തിയത്. വാര്‍ത്താ പരമ്പരയിലെ ഒരു റിപ്പോര്‍ട്ടില്‍ ഒരു ഇരയുടെ വെളിപ്പെടുത്തല്‍ ചിത്രീകരിച്ചത് വ്യാജമായാണെന്നും ഇക്കാര്യത്തില്‍ നടപടി എന്തെന്നുമായിരുന്നു അന്‍വറിന്‍റെ ചോദ്യം. പരിശോധിച്ചു വരികയാണ് എന്നാണ് അന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, പിന്നീട് പോലീസ് ജീവനക്കാർക്കെതിരെ കേസെടുക്കുകയായിരുന്നു.

കോഴിക്കോട് വെളളയില്‍ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നിവയ്ക്കൊപ്പം പോക്സോ നിയമത്തിലെ 19, 21 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമായിരുന്നു കേസ്. ഡിവൈഎസ്പി വി സുരേഷിന്‍റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി നീതി ന്യായ വ്യസ്ഥയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തോടും മാധ്യമങ്ങളോടും മാപ്പു പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *