Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവില്‍ 2024-25 വര്‍ഷം പുതിയതായി 7.22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തില്‍ ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി വർധിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം 4.68 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.45 ലക്ഷം കാറുകളും ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിൽ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പകുതിയിലേറെയും ബെംഗളൂരുവിലാണ്. 2020-21 വര്‍ഷം നഗരത്തില്‍ ഒരു കോടി വാഹനങ്ങളും 2021-22 വര്‍ഷം 1.04 കോടി വാഹനങ്ങളും 2022-23 വര്‍ഷം 1.09 കോടി വാഹനങ്ങളും 2023-24 വര്‍ഷം 1.16 കോടി വാഹനങ്ങളുമാണ് നഗരത്തിലുണ്ടായിരുന്നത്.

വാഹനങ്ങളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കും ഉയർന്ന് വരികയാണ്. 2022-ലെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അതേസമയം, ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരവും ബെംഗളൂരുവാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ടോം ടോം നടത്തിയ സര്‍വേയില്‍ തന്നെയാണ് ഈ കണ്ടെത്തലും. ഏറ്റവും പുതിയ കണ്ടെത്തല്‍ അനുസരിച്ച് പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ശരാശരി 28 മിനിറ്റ് 10 സെക്കന്‍ഡ് വേണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ കണക്കു പ്രകാരം നഗരവാസികള്‍ ഒരുവര്‍ഷം 132 മണിക്കൂര്‍ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ലോകത്തെ പ്രമുഖ നഗരങ്ങളില്‍ വാഹനയാത്രയ്ക്ക് വേണ്ടിവന്ന സമയം മാനദണ്ഡമാക്കിയാണ് ബെംഗളൂരുവിനെ രണ്ടാമതായി തിരഞ്ഞെടുത്തിരിക്കുന്നത്. നഗര മധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് പരിഗണിച്ചത്. 2022-ല്‍ ബെംഗളൂരുവില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 29 മിനിറ്റും പത്ത് സെക്കന്‍ഡുമാണ് വേണ്ടതെന്നായിരുന്നു സര്‍വേയില്‍ പറഞ്ഞിരുന്നത്. ലണ്ടനില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 36 മിനിറ്റും 20 സെക്കന്‍ഡും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *