സ്വിം സ്യൂട്ട് റൗണ്ട് ഒഴിവാക്കും; സൗന്ദര്യ മത്സരത്തിൽ കാതലായ മാറ്റങ്ങൾ

സ്ത്രീകളുടെ അഴകളവുകൾ മാത്രമല്ല സൗന്ദര്യ മത്സരത്തിൽ മാറ്റുരയ്ക്കപ്പെടുന്നത്. മത്സരാർത്ഥികളുടെ ബുദ്ധിശക്തിയും വ്യക്തിത്വവും കാഴ്ച്ചപ്പാടുകളുമുൾപ്പെടെ ഇത്തരം മത്സരങ്ങളിൽ പ്രധാനമാണ്. വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിച്ചും സൗന്ദര്യ മത്സര വേദികളിൽ മത്സരാർത്ഥികൾ എത്തണം. ഇതിൽ ഒരു ഇനമാണ് നീന്തൽ വസ്ത്രങ്ങൾ ധരിച്ച് എത്തുന്നത്. കാലങ്ങളായി ഈ ഇനം വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ, മിസ് വേൾഡ് ഇംഗ്ലണ്ട് സൗന്ദര്യ മത്സരത്തിൽ നിന്നും സ്വിംസ്യൂട്ട് റൗണ്ട് ഒഴിവാക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സ്വിം സ്യൂട്ട് റൗണ്ട് ഒഴിവാക്കുക മാത്രമല്ല മിസ് വേൾഡ് ഇം​ഗ്ലണ്ടിനെ ഇക്കുറി വ്യത്യസ്തമാക്കുന്നത്. പ്രായോഗികപരമായ മറ്റുചില റൗണ്ടുകൾ കൂടി മത്സരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവൻ രക്ഷാമാർഗങ്ങൾ എത്രത്തോളം ഫലപ്രദമായി ചെയ്യാൻ മത്സരാർഥികൾക്കു കഴിയുമെന്ന് ഇനിമുതൽ സൗന്ദര്യ മത്സരത്തിൽ വിലയിരുത്തും. സിപിആറും കൃത്രിമ ശ്വാസോച്ഛ്വാസവും അടക്കമുള്ളവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജീവൻ രക്ഷാമാർഗങ്ങൾ ഉൾപ്പെടുത്തുന്നതിനു പ്രചോദനമായതും മില്ലയുടെ ജീവിതകഥയാണ്. നിലവിൽ ലൈഫ് ഗാർഡാണ് മില്ല. മില്ലയുടെ കുടുംബാംഗങ്ങൾക്ക് ഹൃദയാഘാതം വന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ കുടുംബമാകെ പകച്ചു നിൽക്കുകയായിരുന്നു. പ്രൊഫഷനലുകൾ എത്തി അടിയന്തര ചികിത്സ നൽകാൻ കാത്തു നിന്നതിനാൽ ഇവർക്ക് ജീവൻ നഷ്ടമായി. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും സിപിആർ നൽകാൻ അറിയാമായിരുന്നെങ്കിൽ കഥ മാറുമായിരുന്നു എന്ന് മില്ല പറയുന്നു. ഈ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മാറ്റങ്ങൾക്ക് സൗന്ദര്യമത്സരവേദി തുടക്കമിട്ടിരിക്കുന്നത്.

മത്സരാർഥികൾക്ക് സിപിആറിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് സർഗാത്മകമായ രീതിയിൽ ലോകത്തിനു മുന്നിൽ കാണിക്കാൻ അവസരം ഒരുങ്ങും. അവരുടെ അറിവ് ഓൺലൈനിൽ പങ്കിടുകയോ കമ്മ്യൂണിറ്റികളെ അത് പഠിപ്പിക്കുകയോ ചെയ്യാനുള്ള അവസരമുണ്ട്. സൗന്ദര്യ മത്സരത്തിന്റെ സെമിഫൈനൽ, ഫൈനൽ ഘട്ടങ്ങളിൽ എത്തുന്ന മത്സരാർഥികൾക്ക് ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളെ ജീവൻ രക്ഷാമാർഗങ്ങൾ പഠിപ്പിക്കാൻ സാധിക്കും.

97 വർഷം പഴക്കമുള്ള മത്സരത്തിൽ നിന്ന് കാലഹരണപ്പെട്ട സ്വിംസ്യൂട്ട് റൗണ്ട് നീക്കം ചെയ്യണമെന്ന് നിലവിലെ മിസ്സ്‌വേർഡ് ഇംഗ്ലണ്ടായ മില്ല മാഗി അഭിപ്രായപ്പെട്ടിരുന്നു. തന്റെ നിലപാട് അം​ഗീകരിക്കപ്പെട്ടതിലെ സന്തോഷം മില്ല സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. മേയ് മാസത്തിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 72-ാമത് മിസ് വേൾഡ് മത്സരത്തിലും ഈ നീക്കം കൊണ്ടുവരാൻ മുൻകൈയെടുക്കുമെന്ന് മില്ല സമൂഹമാധ്യമത്തിൽ കുറിച്ചു.

ഈ നീക്കത്തെ ഏറെ സന്തോഷത്തോടെയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തത്. സൗന്ദര്യം എന്നതിനപ്പുറം സാമൂഹിക നന്മ എന്നതും മത്സരത്തിന്റെ സുപ്രധാന ഭാഗമാകുന്നത് പ്രചോദനകരമായ നീക്കമാണെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. മത്സരവേദികളിൽ മാത്രമല്ല വിദ്യാലയങ്ങളിലും, സാധ്യമായ എല്ലാ ഇടങ്ങളിലും ജീവൻ രക്ഷാമാർഗങ്ങളുടെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *