Your Image Description Your Image Description

പാലക്കാട് : മാലിന്യ ശേഖരണം ഊര്‍ജിതമാക്കി നൂറു ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നേട്ടം കൈവരിച്ച് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്തും കുടുംബശ്രീ ഹരിതകര്‍മസേനാംഗങ്ങളും. ജൈവ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും വഴി മാലിന്യമുക്ത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് ഹരിതകര്‍മ സേനാഗംങ്ങള്‍. കൊല്ലങ്കോട് ബ്ലോക്കിനു കീഴില്‍ വരുന്ന പട്ടഞ്ചേരി പഞ്ചായത്തിലാണ് പെണ്‍കൂട്ടായ്മയുടെ കരുത്തില്‍ മാലിന്യകൂമ്പാരങ്ങള്‍ ശുചിത്വമുള്ള ഇടങ്ങള്‍ക്ക് വഴി മാറിയത്.

നിലവില്‍ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പതിനാറു വാര്‍ഡുകളിലായി 32 ഹരിതകര്‍മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ പ്രവര്‍ത്തന ഫലമായാണ്് നൂറു ശതമാനം യൂസര്‍ ഫീ കളക്ഷന്‍ എന്ന നേട്ടം കൈവരിക്കാനായത്. നിലവില്‍ ഓരോ അംഗത്തിനും പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നു. ഹരിതകര്‍മ സേനയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. മാലിന്യം പൊതു ഇടങ്ങളില്‍ നിന്നും നീക്കം ചെയ്ത ശേഷം അവിടം പൂന്തോട്ടമാക്കി മാറ്റുകയാണ് ഹരിതകര്‍മ സേന ചെയ്യുന്നത്. അജൈവ മാലിന്യം എത്തിക്കുന്ന എം.സി.എഫിനോട് ചേര്‍ന്നും ഇവര്‍ ആകര്‍ഷമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. അജൈവ മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിന് മുഴുവന്‍ വാര്‍ഡുകളിലും മിനി എം.സി.എഫ്, കൂടാതെ ബോട്ടില്‍ ബൂത്തുകള്‍, മാലിന്യ ശേഖരണത്തിന് ട്രോളി, വാഹനം എന്നിവ നല്‍കിയിട്ടുണ്ട്. അഗ്‌നി സുരക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടു കൂടിയ എം.സി.എഫും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ബൈലിങ്ങ് മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ്, വെയിംഗ് മെഷീന്‍ എന്നിവ ഉള്‍പ്പെടെയാണിത്. കൂടാതെ അംഗങ്ങള്‍ക്ക് ഡ്രെസിങ്ങ് റൂം, കുടി വെള്ളം, വൈദ്യുതി, ഫാന്‍, എന്നിവയും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

വിവിധ കാംപയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ അജൈവ മാലിന്യ ശേഖരണം ഉറവിട മാലിന്യ സംസ്‌കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായി ജൈവ മാലിന്യ പരിപാലന ഉപാധികളും വിതരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്ത് കോമ്പൗണ്ടില്‍ കമ്യൂണിറ്റി കമ്പോസ്റ്റ് സൗകര്യവും ഒരുക്കി. പഞ്ചായത്തുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഹരിതകര്‍മസേന യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. പഞ്ചായത്തിനൊപ്പം നിന്നു കൊണ്ട് കൊല്ലങ്കോടിന്റെ മനോഹാരിത പട്ടഞ്ചേരിയിലേക്കും കൊണ്ടുവരാനുള്ള പരിശ്രമങ്ങളിലാണ് ഇവിടുത്തെ കുടുംബശ്രീ ഹരിതകര്‍മ സേന.

Leave a Reply

Your email address will not be published. Required fields are marked *