Your Image Description Your Image Description

കോഴിക്കോട് ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മക്കട ജനകീയ ആരോഗ്യ കേന്ദ്രത്തിന് 90.35 ശതമാനം സ്‌കോറോടെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 93.66 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 217 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും, നാല് ആശുപത്രികള്‍ക്ക് മുസ്‌കാന്‍ അംഗീകാരം ലഭിച്ചു.

സംസ്ഥാനത്ത് അഞ്ച് ജില്ലാ ആശുപത്രികള്‍, അഞ്ച് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 43 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 148 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

മികച്ച ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കാണ് ദേശീയ മുസ്‌കാന്‍ പുരസ്‌കാരം നല്‍കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്., വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജ്, മഞ്ചേരി മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളാണ് മുമ്പ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ളത്. പ്രസവം നടക്കുന്ന ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് 12 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

എന്‍.ക്യു.എ.എസ്., മുസ്‌കാന്‍ അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *