Home » Blog » Kerala » വെന്തുരുകി കേരളം; മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു
18

മലപ്പുറം: മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. കൊണ്ടോട്ടിയിലെ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികൾക്കുമാണ് സൂര്യാതപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച വീടിന് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയിൽ നേരിട്ട് ശരീരത്തിൽ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്ന് വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിപ്പൂർ കുമ്മിണിപറമ്പ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറിൽ സൂര്യാതപമേറ്റത്. വയറിൽ കുമിളകൾ വന്ന നിലയിലാണ് പാടുകൾ. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.