Home » Blog » Kerala » യുഎസ് നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ചരക്കുകപ്പലിനെ ഹെലികോപ്റ്ററിൽനിന്നുള്ള മെഷീൻ ഗൺ ഉപയോഗിച്ച് തടയുന്ന ദൃശ്യം പുറത്തുവിട്ട് അമേരിക്ക; ‘കടൽക്കൊള്ള’യെന്ന് ഇറാൻ
9

വാഷിങ്ടൺ: ഇറാൻ സമുദ്ര പാതയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ചരക്കുകപ്പലിനെ ഹെലികോപ്റ്ററിൽ നിന്നുള്ള മെഷീൻ ഗൺ ഉപയോഗിച്ച് തടയുന്ന ദൃശ്യം പുറത്തുവിട്ട് അമേരിക്ക. ഉപരോധം ലംഘിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ബലം പ്രയോഗിക്കുമെന്നും സൈന്യം കർശന മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

അതേസമയം, ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്നതോ, അവിടെനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകളെ പരിശോധിക്കുമെന്നും തടയുമെന്നുമാണ് യുഎസ് നിലപാട്. മാത്രമല്ല ഇറാൻ തീരത്തെ ഈ സൈനിക ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ 27 കപ്പലുകളെ യു.എസ്. സൈന്യം തിരിച്ചയച്ചിട്ടുണ്ട്. ഞായറാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോകുകയായിരുന്ന ഇറാന്റെ പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ യു.എസ്. വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും യുഎസ് പുറത്തുവിട്ടിരുന്നു.

ഹെലികോപ്റ്ററുകളിൽനിന്ന് യുഎസ് മറീനുകൾ കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന സാമഗ്രികൾ കപ്പലിലുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടിയെന്ന് യുഎസ് അവകാശപ്പെടുന്നു. എന്നാൽ, ഇത് കടൽക്കൊള്ളയാണെന്ന് ഇറാൻ തിരിച്ചടിച്ചു. ചൈനയിൽനിന്നുള്ള കപ്പലാണിതെന്നും സമാധാനപരമായ ചരക്കുനീക്കത്തെ തടസപ്പെടുത്തുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.