Home » Blog » kerala Max » ശബരി റെയിൽവേ: തുക വകയിരുത്തൽ വലിയൊരു ചുവടുവെപ്പായി മാറുമെന്ന്-അശ്വന്ത് ഭാസ്കർ
IMG-20260408-WA0154

തിരുവനന്തപുരം:-ശബരി റെയിൽവേ പാതയ്ക്കായി 505 കോടി രൂപ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് പദ്ധതിയുടെ ഭാവിയിൽ വലിയൊരു ചുവടുവെപ്പായി മാറുകയാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു.

അങ്കമാലി മുതൽ എരുമേലി വരെയുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ ദക്ഷിണ കേരളത്തിലെ യാത്രാ സൗകര്യങ്ങളിലും ടൂറിസം മേഖലയിലും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ കേരള സർക്കാർ തയ്യാറായതോടെ റെയിൽവേ മന്ത്രാലയം തുക വകയിരുത്തിയത് ഏറെ സ്വാഗതാർഹമാണ്. ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ സമഗ്ര വികസനത്തിനും ഈ പാത കരുത്തേകും. വരും വർഷങ്ങളിൽ കൂടുതൽ തുക വകയിരുത്തി പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം. എന്നാൽ ശബരി റെയിൽവേ പദ്ധതി എരുമേലിയിൽ അവസാനിപ്പിക്കാതെ തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായ നിലനിൽക്കുകയാണ്.
വിഴിഞ്ഞം തുറമുഖം പൂർണ്ണ സജ്ജമാകുന്നതോടെ ശബരി പാതയെ തെക്കൻ കേരളത്തിലെ വ്യവസായ ഇടനാഴിയായി മാറ്റാൻ ഈ നീക്കം അനിവാര്യമാണ്. എരുമേലിയിൽ നിന്നും പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലകളിലൂടെ വിഴിഞ്ഞത്തേക്ക് പാത നീട്ടുന്നത് കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തെ തന്നെ മാറ്റിമറിക്കും. വിഴിഞ്ഞം പദ്ധതിയുടെ പൂർണ്ണമായ പ്രയോജനം ജനങ്ങളിലേക്ക് എത്താൻ ശബരി-വിഴിഞ്ഞം റെയിൽവേ കണക്റ്റിവിറ്റി യാഥാർത്ഥ്യമാകേണ്ടതുണ്ട്ന്ന് അശ്വന്ത് ഭാസ്കർ പറഞ്ഞു.