കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ വീട് തകർന്ന് വീണാണ് കാബൂളിൽ മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ പ്രകൃതിക്ഷോഭങ്ങൾക്ക്, പ്രത്യേകിച്ച് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. പ്രതിവർഷം ശരാശരി 560 പേർ ഇവിടെ ഭൂചലനങ്ങളിൽ മരിക്കാറുണ്ട്. കഴിഞ്ഞ നവംബറിൽ ഇതേ മേഖലയിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
