തന്റെ വേറിട്ട ശബ്ദം കൊണ്ടും അഭിനയശൈലി കൊണ്ടും തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനായ അർജുൻ ദാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് മോർ’ ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഇന്ദ്ര’ എന്ന് തുടങ്ങുന്ന മനോഹരമായ റൊമാന്റിക് ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹനാൻ ഷാ ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ തമിഴ്, മലയാളം വരികൾ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്.
ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അർജുൻ ദാസ് ഇത്തവണ ഒരു റൊമാന്റിക് കോമഡി ചിത്രവുമായാണ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വിഘ്‌നേഷ് ശ്രീകാന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി ശങ്കർ ആണ് നായിക. പുറത്തുവന്ന ഗാനരംഗങ്ങളിൽ അർജുൻ ദാസിനൊപ്പം സോന ഓലിക്കലും അഭിനയിച്ചിട്ടുണ്ട്. അരുൺ അലട്ട്, വിഘ്നേഷ് ശ്രീകാന്ത് എന്നിവർ ചേർന്നാണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. മില്യൺ ഡോളർ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2026 വേനൽക്കാലത്ത് തിയേറ്ററുകളിൽ എത്തും.
പവൻ കല്യാൺ ചിത്രം ‘ഒജി’ യുടെ വമ്പിച്ച വിജയത്തിന് ശേഷമെത്തുന്ന അർജുൻ ദാസ് ചിത്രം എന്ന പ്രത്യേകതയും ‘വൺസ് മോർ’ നുണ്ട്. ആഗോളതലത്തിൽ 250 കോടിയിലധികം കളക്ഷൻ നേടിയ ഒജിയിൽ അർജുൻ ദാസ് പ്രധാന വേഷത്തിൽ എത്തിയിരുന്നു. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം തന്റെ സ്ഥിരം വില്ലൻ/ആക്ഷൻ വേഷങ്ങളിൽ നിന്ന് മാറി ഒരു പ്രണയചിത്രവുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഹിഷാമിന്റെ മറ്റൊരു സംഗീത വിരുന്നായിരിക്കുമെന്നാണ് സൂചന.
