Your Image Description Your Image Description

നിസാന്‍ മോട്ടോര്‍ കോർപ്പിന്റെ പുതിയ ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം ജപ്പാനിലെ യോകോഹാമ തെരുവില്‍ നടന്നു. 14 ക്യാമറകൾ , ഒന്‍പത് റഡാറുകള്‍, ആറ് ലിഡാര്‍ സെന്‍സറുകള്‍ എന്നിങ്ങനെ വാനിന് ചുറ്റും സ്ഥാപിച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആയിരുന്നു വാഹനം സ്വയം നിയന്ത്രിച്ചത്. ഗൂഗിളിന്റെ വേയ്‌മോ പോലുള്ള കമ്പനികള്‍ ഇടം പിടിച്ചിട്ടുള്ള ഡ്രൈവറില്ലാ കാര്‍ സാങ്കേതിക വിദ്യയിലേക്കുള്ള ജപ്പാന്റെ കടന്നുവരവിന്റെ സൂചന കൂടിയാണ് ഈ പരീക്ഷണത്തിലൂടെ പൂര്‍ത്തിയാക്കുന്നത്.

തിരക്കേറിയ നഗരത്തില്‍ സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ആയിരുന്നു വാഹനത്തിന്റെ ലക്ഷ്യ സ്ഥാനം നിര്‍ണയിച്ചത്. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ എന്നതായിരുന്നു പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്ന വേഗത. പരീക്ഷണ ഓട്ടത്തിന്റെ വേളയില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ക്യാബിനില്‍ ഒരു ഡ്രൈവറേയും നിയോഗിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ പരീക്ഷണത്തില്‍ വെല്ലുവിളികള്‍ നേരിട്ടാല്‍ നിയന്ത്രിക്കുക എന്നതായിരുന്നു ഡ്രൈവറുടെ ചുമതല.

ആഗോള തലത്തില്‍ വാഹന നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള രാജ്യമായ ജപ്പാന് ഡ്രൈവറില്ലാ വാഹന വിപണിയില്‍ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടത്തിയ മുന്നേറ്റത്തിനൊപ്പം എത്താന്‍ കഴിഞ്ഞിരുന്നില്ല. ഗൂഗിളിന്റെ വേയ്‌മോ ഈ വര്‍ഷം ജപ്പാനില്‍ എത്തുമെന്നിരിക്കെയാണ് നിസാന്‍ മോട്ടോര്‍ കോർപ്പ് തങ്ങളുടെ ഡ്രൈവറില്ലാ കാര്‍ നിരത്തില്‍ ഇറക്കി പരീക്ഷിക്കുന്നത്. പുതിയ വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നില്ലെങ്കിലും നിഹോണ്‍ കോട്‌സുവുമായി സഹകരിച്ചാണ് വാഹനം പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *