Your Image Description Your Image Description

അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേര്‍ത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാർത്ഥ്യമാവുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 100ശതമാനവും പൂർത്തിയായി. സമീപന റോഡുകളുടെ നിർമ്മാണവും അതിവേഗം പൂർത്തിയാക്കി പാലം ഉടൻ നാടിന് സമർപ്പിക്കും.

ചേർത്തലയിലെ നെടുമ്പ്രക്കാട്-പള്ളിപ്പുറത്തെ വിളക്കുമരം എന്നീ പ്രദേശങ്ങള്‍ക്ക് ഇടയിലുള്ള പരപ്പേൽ തുരുത്തുമായി ബന്ധിപ്പിച്ച് വയലാര്‍ കായലിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. 191മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് വിളക്കുമരം ഭാഗത്ത് 113 മീറ്റർ നീളത്തിലും നെടുമ്പ്രക്കാട് ഭാഗത്ത് 128.5 മീറ്റർ നീളത്തിലുമാണ് സമീപന റോഡുകൾ. നിലവിൽ 85 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ സമീപന റോഡുകളുടെ ടാറിങ്ങിന് മുന്നോടിയായ പ്രവർത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 21.22 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലം സഞ്ചാരയോഗ്യമാകുന്നതോടെ ചേർത്തല-അരൂക്കുറ്റി റോഡിൽ ചെങ്ങണ്ട പാലത്തിന് സമാന്തരമായി പുതിയ വഴിതുറക്കപ്പെടും. അതോടൊപ്പം പള്ളിപ്പുറം ഇൻഫോപാർക്ക്, സീഫുഡ്‌പാർക്ക് ഉൾപ്പെടെയുള്ള പ്രദേശത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്ക് ചേർത്തലയിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും അതിവേഗ ചരക്ക് നീക്കത്തിനും സാധിക്കും. ദേശീയപാത നിർമ്മാണം മൂലമുള്ള ഗതാഗതക്കുരുക്കിനും പുതിയ പാലം പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *