ഉത്തർപ്രദേശിലെ ബന്ദയിൽ പോലീസ് വീട്ടിലെത്തിച്ചതിന്റെ തൊട്ടുപിന്നാലെ യുവതി വീണ്ടും കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. 24-കാരിയായ ഭാര്യ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കാമുകനായ ജിലേദർ ഖാനൊപ്പം വീടുവിട്ടിറങ്ങിയതെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 23-ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസമായ മാർച്ച് 24-ന് തന്നെ വീട്ടിലുണ്ടായിരുന്ന പണവും സ്വർണ്ണവുമായി യുവതി വീണ്ടും കാമുകനൊപ്പം പോകുകയായിരുന്നു.
വിവാഹവാഗ്ദാനം നൽകിയാണ് ജിലേദർ ഖാൻ തന്റെ ഭാര്യയെ കൊണ്ടുപോയതെന്നും ഇതിനിടെ തനിക്ക് നേരെ വധഭീഷണി മുഴക്കിയതായും യുവാവ് ആരോപിക്കുന്നു. സംഭവത്തിൽ യുവാവിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെയും കാമുകനെയും കണ്ടെത്താനായി വിവിധ സ്ഥലങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
