കാഠ്മണ്ഡു : നേപ്പാളിന്റെ രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചുകൊണ്ട് പ്രശസ്ത റാപ്പറും മുൻ കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയഞ്ചുകാരനായ ബാലൻ ഷാ. സ്ട്രക്ച്വറൽ എഞ്ചിനീയര് കൂടിയാണ്. ശീതൾ നിവാസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ സെപ്റ്റംബറിൽ പൊട്ടിപ്പുറപ്പെട്ട ‘ജെൻ സി’ പ്രക്ഷോഭങ്ങൾക്കൊടുവിൽ കെ പി ശർമ്മ ഒലി സർക്കാരിനെ പുറത്താക്കി രൂപീകരിച്ച ഇടക്കാല ഭരണസംവിധാനത്തിന് ഇതോടെ തിരശ്ശീല വീണു. മാർച്ച് 5-ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബാലൻ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) വൻ വിജയം നേടിയിരുന്നു. നേപ്പാൾ ഭരണഘടനയുടെ അനുച്ഛേദം 76(1) പ്രകാരം സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള കക്ഷി നേതാവ് എന്ന നിലയിലാണ് പ്രസിഡന്റ് ബാലനെ പ്രധാനമന്ത്രിയായി നിയമിച്ചത്. 2015-ൽ ഭരണഘടന നിലവിൽ വന്നതിനുശേഷം ഇതാദ്യമായാണ് ഈ അനുച്ഛേദം പ്രയോഗിക്കപ്പെടുന്നത്.
കെ.പി. ശർമ്മ ഒലിയുടെ തട്ടകമായ ജാപ്പ-5 മണ്ഡലത്തിൽ അദ്ദേഹത്തെ നേരിട്ട് പരാജയപ്പെടുത്തിക്കൊണ്ടാണ് ബാലൻ ഷാ പാർലമെന്റിലെത്തിയത്. ആകെ 275 സീറ്റുകളിൽ 182 എണ്ണം നേടിയ ആർഎസ്പി, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വെറും രണ്ട് സീറ്റുകൾ മാത്രം അകലെയാണ്.
പ്രധാനമന്ത്രിക്കൊപ്പം 15 അംഗ മന്ത്രിസഭയും ഇന്ന് ചുമതലയേറ്റു. യുവാക്കൾക്കും വിദഗ്ധർക്കും മുൻഗണന നൽകുന്നതാണ് പുതിയ കാബിനറ്റ്. പ്രതിരോധം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയും പ്രധാനമന്ത്രി വഹിക്കും. പ്രൊഫഷണലുകൾക്കും യുവാക്കൾക്കും പ്രാമുഖ്യമുള്ളതാണ് മന്ത്രിസഭ.
സ്വർണിം വാഗ്ലെ (ധനകാര്യ മന്ത്രി): ലോകബാങ്കിലും യുഎൻഡിപിയിലും ദീർഘകാലം സീനിയർ ഇക്കണോമിസ്റ്റായിരുന്ന ഹാർവാർഡ് പൂർവ്വ വിദ്യാർത്ഥിയാണ് ഇദ്ദേഹം.
ഷിഷിർ ഖനാൽ (വിദേശകാര്യ മന്ത്രി): യുഎസ് വിദ്യാഭ്യാസമുള്ള ഇദ്ദേഹം മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
സുധൻ ഗുരുങ് (ആഭ്യന്തര മന്ത്രി): സെപ്റ്റംബർ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന 36-കാരൻ
സസ്മിത് ഖരേൽ (വിദ്യാഭ്യാസ മന്ത്രി): കാഠ്മണ്ഡു സർവകലാശാലയിൽ നിന്നുള്ള 29-കാരനായ നിയമ ബിരുദധാരിയാണ് കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞവരിലൊരാൾ.
മറ്റ് പ്രമുഖ മന്ത്രിമാരിൽ സോബിത ഗൗതം (നിയമം), സുനിൽ ലംസാൽ (ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ), ഗീത ചൗധരി (കൃഷി) എന്നിവരും ഉൾപ്പെടുന്നു.
