തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് മുതൽ ഈ മാസം 30 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് നിലവിൽ താരതമ്യേന ആശ്വാസകരമായ കാലാവസ്ഥയുള്ളത്. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെ ഉയർന്നേക്കാം എന്ന് മുന്നയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെ താപനില ഉയരും.
അൾട്രാവയലറ്റ് ഇൻഡക്സ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പകൽ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. സൂര്യാഘാതം ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക.
വേനൽമഴ എത്തുന്നതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും മരച്ചുവട്ടിൽ നിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
