Home » Blog » Business » ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്
20

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ ചിത്രം പുറത്തിറക്കി.

വീടുകളിലേക്ക് കൊതുകുകള്‍ പ്രവേശിക്കുന്നത് എത്ര നിസ്സാരമായാണ് നമ്മള്‍ കാണുന്നതെന്ന് പുനര്‍വിചിന്തനമാണ് ഈ ചിത്രം നല്‍കുന്നത്. സമൂഹത്തില്‍ മികച്ച മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള ജിസിപിഎല്ലിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുക് ജന്യരോഗങ്ങള്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുന്നത്. ദേശീയ ആരോഗ്യ കണക്കുകള്‍ പ്രകാരം 2025-ല്‍ മാത്രം ഇന്ത്യയില്‍ 1.13 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഴക്കാലം കഴിഞ്ഞാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.

അതിഥികളെ ആദരവോടെ സ്വീകരിക്കുന്ന ഇന്ത്യയുടെ മഹത്തായ ആതിഥ്യ മര്യാദയെ മുന്‍നിര്‍ത്തിയാണ് ഈ കാമ്പയിന്‍ ഒരുക്കിയിരിക്കുന്നത്. ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ എന്നത് ഓരോ വീട്ടിലും എത്തുന്ന സന്ദര്‍ശകരെയെല്ലാം സ്വാഗതം ചെയ്യേണ്ടതില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ്. ‘പധാരോ മാരേ ദേശ്’ (എന്‍റെ നാട്ടിലേക്ക് വരൂ) എന്ന പ്രശസ്തമായ വാക്യത്തെ ‘നാ പധാരോ മാരേ ദേശ്’ (എന്‍റെ നാട്ടിലേക്ക് വരാതിരിക്കൂ) എന്ന് മാറ്റി കൊതുകുകളെ ഒരിക്കലും വീട്ടിലേക്ക് സ്വാഗതം ചെയ്യരുത് എന്ന സന്ദേശം ഈ ചിത്രം നല്‍കുന്നു. എയര്‍ കൂളറുകളിലും പാത്രങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം, അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങള്‍ എന്നിവ എങ്ങനെ കൊതുകുകളുടെ പ്രജനന സ്ഥലമായി മാറുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കൊതുകുകളെ അതിഥികളായല്ല മറിച്ച് അനാവശ്യമായി അതിക്രമിച്ചു കയറുന്നവരായി കണ്ട് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കുടുംബങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

കൊതുക് ജന്യരോഗങ്ങള്‍ വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു. ഇതിനെതിരെ കൂട്ടായ ബോധവല്‍ക്കരണവും ജീവിതശൈലിയില്‍ മാറ്റവും ആവശ്യമാണ്. ആതിഥ്യ മര്യാദയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ പുനര്‍ചിന്തിക്കുന്നതിലൂടെ വീടും പരിസരവും സുരക്ഷിതമാക്കാന്‍ ജനങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു.

രാജ്യത്ത് ആതിഥ്യമര്യാദ എന്നത് ഒരു സഹജവാസനയാണ്. നമ്മള്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് പോലെ തന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും തുറന്നുവെച്ച മാലിന്യപാത്രങ്ങളിലൂടെയും അറിയാതെ കൊതുകുകളെയും സ്വാഗതം ചെയ്യുന്നു. ഈ ശീലം നമുക്ക് ഉപേക്ഷിക്കാം. ഈ സന്ദേശം നല്‍കുന്ന ‘ഖവാലി’യിലൂടെ കൊതുകുകളുമായുള്ള സൗഹൃദം നമുക്ക് അവസാനിപ്പിക്കാമെന്ന് ഈ കമ്പയിനിന്‍റെ ആശയരൂപീകരണവും തിരക്കഥയും നിര്‍വ്വഹിച്ച സ്വാതി ഭട്ടാചാര്യ പറഞ്ഞു.

വീടും പരിസരവും ശുചിയായി സൂക്ഷിച്ചുകൊണ്ട് കൊതുക് പ്രജനനം തടയാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, ലഘുലേഖ വിതരണം, മഹാരാഷ്ട്രയിലുടനീളമുള്ള ചുവര്‍ചിത്രങ്ങള്‍, റേഡിയോ സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലൂടെ ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ ജനങ്ങളിലേക്ക് എത്തും.