മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും നിർദ്ദേശങ്ങൾ നൽകാനുമുള്ള അമേരിക്കയുടെ കാലം കഴിഞ്ഞുവെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലൈ-നിക് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇറാൻ നിലപാട് കടുപ്പിച്ചത്.
സ്വതന്ത്ര രാജ്യങ്ങളുമായി, പ്രത്യേകിച്ച് എസ്.സി.ഒ അംഗരാജ്യങ്ങളുമായി പ്രതിരോധ സാങ്കേതികവിദ്യ പങ്കിടാൻ ഇറാൻ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. അമേരിക്ക തങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്താക്രമണത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചത് ആഗോള വാണിജ്യമേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് നിലവിൽ സമാധാന ചർച്ചകളിൽ ഇറാന് മുൻതൂക്കം നൽകുന്നുണ്ട്.
ആണവപദ്ധതിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കടലിടുക്ക് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. പാകിസ്ഥാൻ വഴി ഇക്കാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെങ്കിലും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇറാൻ ആണവപദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന കർശന നിലപാടിലാണ് ട്രംപ്. ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ സമ്പൂർണ്ണ നിയന്ത്രണത്തെയും അമേരിക്ക എതിർക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണവും ട്രംപിന്റെ ഈ കടുംപിടുത്തമായിരുന്നു. നിലവിൽ ഇറാൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുകയാണ്.
