തിരുവനന്തപുരം: സിറ്റിങ് എംഎല്‍എ ആയിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്കുവേണ്ടി പരസ്യ പ്രചാരണത്തിനിറങ്ങില്ല. ഇതോടെ, വോട്ടു ചോദിച്ചിറങ്ങുമ്പോൾ, സിറ്റിങ് എംഎൽഎ എവിടെയെന്ന ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ പാർട്ടിക്ക് ഉത്തരം മുട്ടുകയാണ്.
ഇന്നലെ ഇടതുമുന്നണി തിരുവനന്തപുരത്തു സംഘടിപ്പിച്ച തിരഞ്ഞെടുപ്പു കണ്‍വന്‍ഷനിൽ ആന്റണി രാജു പങ്കെടുത്തില്ല. അതേസമയം, സുധീര്‍ കരമനയെ പിന്തുണച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് ആന്റണി രാജുവിന്റെ നടപടിക്കു പിന്നിലെന്നാണു സൂചന. താന്‍ നിര്‍ദേശിച്ച നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം വിസമ്മതിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
നിര്‍ണായകമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ പ്രചാരണത്തിനിറങ്ങാത്തത് വലിയ ചര്‍ച്ചയായിട്ടുണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ആന്റണി രാജു പിണങ്ങി മാറി നില്‍ക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു കോടതി അയോഗ്യനാക്കിയ താന്‍ ഒരു തിരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ടഭ്യര്‍ഥിക്കുന്നതു ധാര്മികതയല്ലാത്തതിനാലാണു മാറിനില്‍ക്കുന്നതെന്നും പ്രതിഷേധമല്ലെന്നുമാണ് ആന്റണി രാജുവിന്റെ വിശദീകരണം.
