Your Image Description Your Image Description

നേരത്തെ എഴുന്നേല്‍ക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരെക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതായിരിക്കും. കൂടാതെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

രാത്രിയിലെ നല്ല ഉറക്കത്തിന് ശേഷം അതിരാവിലെ എഴുന്നേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മനസിനെ ഫ്രഷ് ആക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നു. മാര്‍ച്ച് 2020 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ 49,218 പേര്‍ക്കിടയില്‍ നടത്തിയ പന്ത്രണ്ടോളം സര്‍വേകളുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്.

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കിയവരില്‍ മികച്ച ജീവിത സംതൃപ്തി ലഭിക്കുകയും മാനസിക സന്തോഷം വര്‍ധിച്ചതായും കണ്ടെത്തിയതായി പഠനത്തില്‍ വ്യക്തമാക്കി. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയുന്നതായും കണ്ടെത്തി. കൂടാതെ ഇത് ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

അതേസമയം അര്‍ദ്ധരാത്രി നമ്മുടെ മാനസികാരോഗ്യവും മാനസികാവസ്ഥയും മോശമാകുന്നു. വാരാന്ത്യങ്ങളില്‍ മാനസികാരോഗ്യവും മാനസികാവസ്ഥയും കൂടുതല്‍ വ്യതിയാനങ്ങള്‍ കാണിച്ചുവെന്നും പഠനത്തില്‍ പറയുന്നു. സൂര്യപ്രകാശം, മെച്ചപ്പെട്ട ഉറക്കം, ലക്ഷ്യത്തിന്‍റെയും പ്രചോദനത്തിന്‍റെയും ബോധം തുടങ്ങിയവയാകാം രാവിലെ എഴുന്നേല്‍ക്കുന്നത് ക്ഷേമത്തെയും മാനസികാരോഗ്യത്തെയും മികച്ചതാക്കാനുള്ള കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *