എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവരടക്കമുള്ള ഭാരവാഹികൾക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാനാകും. വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണ്ണായക നടപടി.
മാർച്ച് 16-നാണ് സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ അധികാരമില്ലെന്നുമാണ് അപ്പീലിലെ പ്രധാന വാദം.,
ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ കൃത്യമായ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും അപ്പീൽ ഹർജിയിൽ വ്യക്തമാക്കി. വാദങ്ങൾ പരിഗണിച്ച കോടതി, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഭാരവാഹികൾക്ക് തുടരാമെന്ന് ഉത്തരവിടുകയായിരുന്നു.
