Home » Blog » kerala Mex » പോരാട്ടത്തിന് മുൻപേ സാമ്പത്തിക വിപണിയിൽ കരുത്തുകാട്ടി റോയൽ ചലഞ്ചേഴ്സ്; 2486 കോടി മൂല്യവുമായി ബെംഗളൂരു ഒന്നാമത്
rcb-final-680x450

.പി.എൽ. 2026 സീസണിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മൈതാനത്തെ പോരാട്ടത്തിന് മുൻപേ സാമ്പത്തിക വിപണിയിൽ കരുത്തുകാട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുന്നേറുന്നു. പ്രശസ്ത ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനമായ ‘ബ്രാൻഡ് ഫിനാൻസ്’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഐ.പി.എല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർ.സി.ബി മാറി. നിലവിൽ 2486 കോടി രൂപയാണ് ബെംഗളൂരു ടീമിന്റെ ബ്രാൻഡ് മൂല്യം. വിരാട് കോഹ്‌ലി എന്ന ആഗോള സൂപ്പർ താരത്തിന്റെ സാന്നിധ്യവും ടീമിനുള്ള വിപുലമായ ആരാധക പിന്തുണയുമാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. കൂടാതെ, വനിതാ പ്രീമിയർ ലീഗിലെ കിരീടനേട്ടവും സ്മൃതി മന്ഥനയുടെ ജനപ്രീതിയും ആർ.സി.ബിയുടെ വിപണി മൂല്യം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസാണ് 2238 കോടി രൂപയുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുംറ തുടങ്ങിയ വൻ താരനിരയുടെ സാന്നിധ്യവും റിലയൻസ് ഇൻഡസ്ട്രീസ് എന്ന വമ്പൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയുമാണ് മുംബൈയുടെ കരുത്ത്. മുൻ നായകൻ എം.എസ്. ധോണിയുടെ വ്യക്തിപ്രഭാവത്തിൽ തിളങ്ങുന്ന ചെന്നൈ സൂപ്പർ കിങ്‌സ് 2172 കോടി രൂപയുമായി മൂന്നാം സ്ഥാനത്തുണ്ട്. ധോണിയുടെ വിരമിക്കൽ വാർത്തകൾക്കിടയിലും മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയത് സി.എസ്.കെയുടെ ബ്രാൻഡ് മൂല്യം ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2053 കോടി രൂപയുമായി നാലാം സ്ഥാനത്താണ്.

പട്ടികയുടെ താഴെത്തട്ടിലേക്ക് നോക്കിയാൽ, സൺറൈസേഴ്സ് ഹൈദരാബാദ് 1424 കോടി രൂപയുടെ മൂല്യവുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസ് 1405 കോടി രൂപയുടെ മൂല്യം നിലനിർത്തുന്നു. സഞ്ജു സാംസൺ ടീം വിട്ടത് രാജസ്ഥാൻ റോയൽസിനെ സാമ്പത്തികമായി ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്; 1350 കോടി രൂപയാണ് അവരുടെ നിലവിലെ മൂല്യം. ഗുജറാത്ത് ടൈറ്റൻസ് (1313 കോടി), പഞ്ചാബ് കിങ്‌സ് (1304 കോടി), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (1128 കോടി) എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നാലെയുള്ളത്. കളിയിലെ വിജയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലെ സ്വാധീനവും സ്പോൺസർഷിപ്പ് കരാറുകളുമാണ് ഓരോ ടീമിന്റേയും സാമ്പത്തിക വളർച്ച നിശ്ചയിക്കുന്നത്.