Home » Blog » kerala Mex » ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റത് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ജനം തെറ്റിദ്ധരിച്ചതുകൊണ്ട്: കെ.കെ. ശൈലജ
kk_shailaja

പേരാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോര്. പരാജയപ്പെടുമ്പോൾ പാർട്ടി പ്രമോഷൻ നൽകുന്നു എന്ന യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.കെ. ശൈലജ രംഗത്തെത്തി. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ജനം തെറ്റിദ്ധരിച്ചതുകൊണ്ടാണ് വടകരയിൽ താൻ പരാജയപ്പെട്ടതെന്ന് കെ.കെ. ശൈലജ പറഞ്ഞു. പാർട്ടിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത് തോൽവി കൊണ്ടല്ലെന്നും പ്രവർത്തന മികവ് കൊണ്ടാണെന്നും അവർ വ്യക്തമാക്കി. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുക എന്നത് തങ്ങളുടെ രീതിയല്ലെന്നും തികഞ്ഞ അഭിമാനത്തോടെയാണ് പേരാവൂരിൽ ജനവിധി തേടുന്നതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

നേരത്തെ, കെ.കെ. ശൈലജ പരാജയപ്പെടുമ്പോഴെല്ലാം പാർട്ടി സ്ഥാനക്കയറ്റം നൽകുന്നു എന്നായിരുന്നു സണ്ണി ജോസഫിന്റെ വിമർശനം. വടകരയിൽ തോറ്റപ്പോൾ കേന്ദ്ര കമ്മിറ്റിയിലെത്തിയ ശൈലജ, ഇത്തവണ തോറ്റാൽ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിലെ വിമത പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കെ. സുധാകരൻ പ്രചാരണത്തിനായി പേരാവൂരിലെത്തുമെന്നും സണ്ണി ജോസഫ് പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.