Home » Blog » Kerala » കെ.സുധാകരന് സീറ്റ് നൽകിയേക്കും; ‘സ്വതന്ത്രൻ’ സമ്മർദ്ദത്തിനൊടുവിൽ ഹൈക്കമാൻഡ് അയഞ്ഞതായി സൂചന
8

കണ്ണൂർ: സ്വതന്ത്രനായി മത്സരിക്കുമെന്നത് അടക്കമുള്ള സമ്മർദ്ദങ്ങൾക്കൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റ് നൽകുമെന്ന് സൂചന. സീറ്റ് ലഭിക്കാത്ത സഹാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് അയഞ്ഞതെന്നാണ് വിവരം. രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

നേരത്തേ, സീറ്റു വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്ന് രാജിവയ്ക്കാൻ സുധാകരൻ തീരുമാനിച്ചിരുന്നെന്നും ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നും അഭ്യൂഹമുണ്ട്.

സുധാകരനോട് സംസാരിച്ചെന്നും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഞാൻ സുധാകരനോട് സംസാരിച്ചു. കണ്ണൂരിൽ സിപിഎമ്മിനെതിരായി ജീവൻ പണയം വച്ച് പോരാടിയ ആളാണ് സുധാകരൻ. ഒരിക്കലും മൂന്നാമത് ഭരണം അവർക്കുണ്ടാകാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും എന്ത് പ്രയാസം ഉണ്ടെങ്കിലും പാർട്ടിയുടെ തീരുമാനം അനുസരിക്കണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്’’– എ.കെ.ആന്റണി പറഞ്ഞു.

എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെയാണ് സുധാകരന് സീറ്റ് ലഭിക്കാതിരുന്നത്. ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.